വിഴിഞ്ഞം സംഘര്‍ഷം: 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍; സമാധാന ചര്‍ച്ച തുടരും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ സമാധാന ചര്‍ച്ച ഇന്ന് തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച. പ്രദേശത്ത് ഉണ്ടായ വന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളിലായി ചര്‍ച്ച നടന്നിരുന്നു.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ എന്നിവരാണ് സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുമായി കോര്‍പ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കു ശേഷം ചര്‍ച്ച നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണം എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സമാധാനം പുന:സ്ഥാപിക്കലാണ് ആദ്യ ലക്ഷ്യം. മന്ത്രിമാരെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ഇപ്പോഴത്തെ പ്രശ്‌നം അവസാനിച്ചെന്നും, വിഴിഞ്ഞത്ത് തടിച്ചു കൂടിയിരിക്കുന്നവര്‍ പിരിഞ്ഞു പോകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളെക്കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ച തുടരും. സമിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകളുടെ കാര്യത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പുതിയ കേസ് എടുക്കമെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. നിലവില്‍ ക്രമസമാധനാനില പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് മറികടന്ന സാഹചര്യത്തിലാണ് ആര്‍ച്ച്ബിപ്പിനെതിരേ കേസ് എടുത്തത്. പോലീസ് ആവശ്യത്തിന് സുരക്ഷയൊരുക്കിയിരുന്നു.
ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികള്‍ എത്തിയത്. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *