മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം, യുഡിഎഫ് പദ്ധതിക്കെതിരല്ല; പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് പദ്ധതിക്കെതിരല്ല, വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണ്.കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല.മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ സംയമനം പാലിക്കും. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. അതുപക്ഷെ, സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കാണരുത്. മത്സ്യത്തൊഴിലാളി മേഖല ആരുടെയും കുത്തകയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്ബന്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ആകില്ല. സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *