ദോഹ: 2022ല്‍ അവാര്‍ഡുകളുടെ തിളക്കങ്ങള്‍ക്കൊപ്പം കുതിച്ചുയര്‍ന്ന് ഖത്തര്‍ എയര്‍വേസ്. ‘എയര്‍ലൈന്‍ ഓഫ് ദ ഇയര്‍’, ‘വേള്‍ഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ്’, ‘വേള്‍ഡ്സ് ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്’, ‘ബെസ്റ്റ് എയര്‍ലൈന്‍ ഇന്‍ ദ മിഡിലീസ്റ്റ്’ എന്നീ അവാര്‍ഡുകള്‍ക്കൊപ്പം ഖത്തര്‍ എയര്‍വേസിന് അംഗീകാരവും ബഹുമതി മുദ്രകളും ഏറെ ലഭിച്ചു.
ഖത്തര്‍ എയര്‍വേസ് കാര്‍ഗോയും ഖത്തര്‍ ഡ്യൂട്ടി ഫ്രീയും ഇതിനൊപ്പം പുരസ്കാര നിറവിലെത്തി.
ജനുവരിയില്‍ അയാട്ടയില്‍നിന്ന് സി.ഇ.ഐ.വി ലൈവ് അനിമല്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ് കാര്‍ഗോയാണ് അവാര്‍ഡ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ നേട്ടം കരഗതമാക്കുന്ന ലോകത്തെ നാലാമത്തേയും മിഡിലീസ്റ്റിലെ ആദ്യത്തേയും കാര്‍ഗോയാണ് ഖത്തര്‍ എയര്‍വേസിന്റേത്. ജോര്‍ജിയയിലെ ത്ബിലിസിയിലേക്കും അസര്‍ബൈജാനിലെ ബകുവിലേക്കും ദോഹയില്‍നിന്ന് പത്തുവര്‍ഷം വിജയകരമായി ഡയറക്‌ട് ഫ്ലൈറ്റ് സര്‍വിസ് നടത്തുന്നതിന്റെ ആഘോഷം ഫെബ്രുവരിയിലാണ് നടന്നത്. ദോഹയില്‍നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സര്‍വിസ് നടത്തുന്നതിന്റെ 25-ാം വാര്‍ഷികവും അതോടൊപ്പമായിരുന്നു. ഫെബ്രുവരിയില്‍ പാകിസ്താനിലെ മുള്‍ത്താനിലേക്കുള്ള ഫ്ലൈറ്റ് സര്‍വിസ് പുനരാരംഭിക്കുകയും ചെയ്തു. ഫിഫ ക്ലബ് ലോകകപ്പിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ണറായതും അതേ മാസമായിരുന്നു.
യു.കെയിലേക്കുള്ള സര്‍വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കിയത് മാര്‍ച്ചിലാണ്. ഏപ്രിലില്‍ ഇന്‍ഡിഗോയുമായുള്ള സഹകരണം ഖത്തര്‍ എയര്‍വേസ് വീണ്ടും ഊട്ടിയുറപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായി ദോഹയില്‍നിന്ന് ദല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റുകളില്‍ ഖത്തര്‍ എയര്‍വേസിന്റെ മാര്‍ക്കറ്റിങ് കോഡ് പതിച്ചുതുടങ്ങി. മേയില്‍ ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഖത്തര്‍ എയര്‍വേസ് സാന്നിധ്യമറിയിച്ചു.
ട്രാവല്‍ മാര്‍ട്ടില്‍ വിര്‍ജിന്‍ ആസ്ട്രേലിയ എയര്‍ലൈന്‍സുമായും മലേഷ്യ എയര്‍ലൈന്‍സുമായും കോഡ്ഷെയര്‍ ഉള്‍പ്പെടെയുള്ള സഹകരണം തീരുമാനിച്ചു. ജൂണില്‍ 78ാമത് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വാര്‍ഷിക ജനറല്‍ യോഗത്തിന് ദോഹയില്‍ ഖത്തര്‍ എയര്‍വേസ് ആതിഥ്യമൊരുക്കി. 2021-2022ല്‍ 25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന 154 കോടി ഡോളറിന്റെ ലാഭം നേടിയതായി പ്രഖ്യാപനം വന്നു. ലോകകപ്പ് മുന്‍നിര്‍ത്തി ആഗസ്റ്റ് മുതല്‍ സര്‍വിസുകള്‍ വര്‍ധിപ്പിച്ചുതുടങ്ങി.
ബര്‍ലിനിലേക്ക് ആഴ്ചയില്‍ 11 ഫ്ലൈറ്റുകളായി ഉയര്‍ത്തി. ഒക്ടോബറില്‍ മെല്‍ബണിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി. ഫിഫയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍വേസ്, ലോകകപ്പ് സമയത്ത് 14000ത്തോളം സര്‍വിസുകളാണ് നടത്തിയത്.
