മക്കളുടെ പഠനം; പ്രവാസികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കുവൈത്ത് സിറ്റി: സാമ്ബത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ഇനിയും അപേക്ഷിക്കാം.

അപേക്ഷിക്കാവുന്ന തീയതി ജനുവരി ഏഴു വരെ നീട്ടിയതായി നോര്‍ക്ക അറിയിച്ചു. 2022-23 അധ്യയനവര്‍ഷം പ്രഫഷനല്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്കു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പെട്ടവരുടെയും രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്. വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. പഠിക്കുന്ന കോഴ്‌സിന്‍റെ യോഗ്യതപരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുള്ളവരും റെഗുലര്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.

www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്ബറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ഫ്രീ നമ്ബറിലോ 18004253939 ( ഇന്ത്യക്കകത്തുനിന്നും) വിളിക്കാം. വിദേശത്തുനിന്ന് 918802012345 എന്ന മിസ്ഡ് കാള്‍ സര്‍വിസ് നമ്ബറിലും ബന്ധപ്പെടാം.

സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം 350 വിദ്യാര്‍ഥികള്‍ക്കായി 70 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിനത്തില്‍ അനുവദിച്ചിരുന്നു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ. യൂസുഫലി, ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍, ഡോ. രവി പിള്ള, ജെ.കെ. മേനോന്‍, സി.വി. റപ്പായി, ഒ.വി. മുസ്തഫ എന്നിവരാണ് പദ്ധതിക്കായി തുക സംഭാവന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *