തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യുവതിയുടെ ജീവന് രക്ഷിക്കാന്‍ ജീവനക്കാര്‍ ട്രിപ്പ് റദ്ദാക്കി.
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍വെച്ചാണ് യുവതി കുഴഞ്ഞുവീണത്. ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോഴാണ് സംഭവം. ഇതോടെ ബസ് തിരികെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് യുവതിയുടെ ജീവന് രക്ഷിക്കാനായി.
ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്ആര്‍ഒ ജീവനക്കാരിയുമായ ബബിതയാണ്(34) ബസ്സില്‍ കുഴഞ്ഞു വീണത്. ഈ ബസിലെ കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് ട്രിപ്പ് പോലും വേണ്ടെന്നുവെച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബസ് ആലംകോട് പിന്നിട്ടപ്പോഴാണ് സൈഡ് സീറ്റിലിരുന്ന യുവതി തല പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നത് സഹയാത്രക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് യുവതിയെ സീറ്റില്‍ നേരെ ഇരുത്തി. എന്നാല്‍ ഉടന്‍ തന്നെ ഇവര്‍ സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഈ സമയം ബസ് കല്ലമ്ബലം എത്താറായിരുന്നു. യുവതി കുഴഞ്ഞുവീണത് കെടിസിടി ആശുപത്രി പിന്നിട്ടശേഷമായിരുന്നു. ഇതോടെ ബസ് തിരികെ ഓടിച്ച് കെസിടിസി ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ബസിലെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ട് കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറും ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നു. അതിനിടെ യുവതിയുടെ ബന്ധുക്കളെ ഇവര്‍ വിളിച്ചുവരുത്തുകയും ചെയ്തു. യുവതി അപകടനില തരണം ചെയ്തതിനുശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍നിന്ന് പോയത്. ബസ്സിലെ മറ്റു യാത്രക്കാരും ജീവനക്കാരോട് സഹകരിച്ചു. കെഎസ്ആര്‍ടിസി പാലോട് ഡിപ്പോയിലെ ബസിലെ ജീവനക്കാരായിരുന്നു ഷാജിയും സുനില്‍കുമാറും.
