ടൂറിസം മേഖലയില്‍ പുത്തന്‍ കുതിപ്പ്; ഗംഗാ നദീതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് തുടക്കം കുറിച്ച്‌ പ്രധാനമന്ത്രി

ലക്നൗ: ടൂറിസം വികസത്തില്‍ പുത്തന്‍ കുതിപ്പുമായി വാരണാസി. വാരണാസി ഗംഗാ നദിതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.

പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സിറ്റിഘട്ടിന് സമീപമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വാരണാസിയില്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും അവര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. വാരണാസി വികസന അതോറിറ്റിയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.

ടെന്റ് സിറ്റിയുടെ സമീപത്തുളള വിവിധ ഘട്ടുകളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ക്ക് ഇവിടേയ്‌ക്ക് എത്താവുന്നതാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ എല്ലാ വര്‍ഷവും ടെന്റ് സിറ്റി പ്രവര്‍ത്തനമായിരിക്കും. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇത് പൊളിച്ചു നീക്കും. ഉത്തര്‍പ്രദേശിലെ തദ്ദേശിയ ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. വിനോദ സഞ്ചാര മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *