ശശി തരൂരിനെ ഒതുക്കാന്‍ ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെപിസിസി നേതാക്കളില്‍ ധാരണ.
എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവരാണ് വൈര്യംമറന്ന് ഒന്നിക്കാന്‍ തീരുമാനിച്ചത്. കെ മുരളീധരന്റെ തരൂരിനെതിരായ പ്രത്യക്ഷ നിലപാട് ഇതിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ ചേരുന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് 12 നാമനിര്‍ദേശം ഉണ്ടാകും.
നിലവില്‍ കേരളത്തില്‍നിന്ന് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരാണ് ഉള്ളത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിയുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. അങ്ങനെയെങ്കില്‍ കമ്മിറ്റിയില്‍ എത്താന്‍ മുന്‍നിരയിലുള്ളത് രമേശ് ചെന്നിത്തലയാണ്. എന്നാല്‍, വിമതസ്വരം ഒഴിവാക്കാന്‍ തരൂരിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ഭയത്തിലാണ് ചെന്നിത്തല. എസ്‌എന്‍ഡിപി ഒഴികെയുള്ള സമുദായ നേതൃത്വങ്ങളുടെയും മുസ്ലിംലീഗിന്റെയും ചായ്വ് നേടാനുള്ള തരൂരിന്റെ ശ്രമവും നേതാക്കളില്‍ വലിയ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്.
തരൂരിനൊപ്പമുള്ള എ ഗ്രൂപ്പിലെ രണ്ട് പ്രമുഖ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബവും തങ്ങള്‍ക്കൊപ്പമാണെന്ന് ഗ്രൂപ്പിനുള്ളില്‍ പ്രചരിപ്പിച്ചത് എം എം ഹസ്സന്‍ അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു. തെക്ക് തമ്ബാനൂര്‍ രവിയും വടക്ക് എം കെ രാഘവനുമാണ് തരൂരിന്റെ മാനേജര്‍മാരായി ഉള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തരൂര്‍ നേടിയ 1072 വോട്ടില്‍ ഭൂരിപക്ഷവും ഇവരുടെ ഇടപെടലിലാണ്. ഗ്രൂപ്പ് അംബാസഡര്‍മാരായി അറിയപ്പെടുന്ന കെ സി ജോസഫും ബെന്നി ബഹനാനുമൊക്കെ അമര്‍ഷമുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാത്തത് കുടുംബ പേടിയിലാണെന്നാണ് സംസാരം. തിങ്കളാഴ്ച കോഴിക്കോട്ട് മാധ്യമങ്ങളോടു സംസാരിച്ച വി ഡി സതീശന്‍ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.
