ഭൂകമ്ബം: മരണം 5500 കടന്നു; തുര്‍ക്കിയയിലും സിറിയയിലും തിരച്ചില്‍ തുടരുന്നു

അഡാന (തുര്‍ക്കിയ): തെക്കുകിഴക്കന്‍ തുര്‍ക്കിയയെയും അതിര്‍ത്തി പങ്കിടുന്ന സിറിയയെയും മഹാദുരന്തത്തിലാഴ്ത്തിയ ഭൂകമ്ബത്തില്‍ മരണം 5500 കടന്നു.

ഇരു രാജ്യങ്ങളിലുമായി നിലംപതിച്ച ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കിടയില്‍ അകപ്പെട്ടുകിടക്കുന്നവര്‍ക്കായി കൊടുംശൈത്യം മറികടന്ന് രക്ഷാപ്രവര്‍ത്തകര്‍ ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

സഹായഹസ്തം നീട്ടിയ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ളവരടക്കം കാല്‍ ലക്ഷത്തോളം ദൗത്യസേനാംഗങ്ങള്‍ ദുരന്തഭൂമിയില്‍ കര്‍മനിരതരാണെന്ന് തുര്‍ക്കിയ അധികൃതര്‍ പറഞ്ഞു. എന്നാല്‍, ദുരന്തമേഖലയുടെ വ്യാപ്തി പരിഗണിക്കുമ്ബോള്‍ രക്ഷാപ്രവര്‍ത്തനം എല്ലായിടത്തുമെത്താത്ത അവസ്ഥയാണ്. പൂജ്യത്തോടടുക്കുന്ന താപനിലയും ഇരുനൂറോളം തുടര്‍ചലനങ്ങളും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. മരണസംഖ്യ തുര്‍ക്കിയയില്‍ 3500ഉം സിറിയയില്‍ രണ്ടായിരവും കവിഞ്ഞു.

രാജ്യത്ത് ഭൂകമ്ബം ഏറ്റവും കൂടുതല്‍ ബാധിച്ച 10 പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.

രാജ്യത്തു മാത്രം 6000 കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയാന്‍തെപിനടുത്ത, ദുരന്തം ഏറെ ബാധിച്ച ഹത്തായ് പ്രവിശ്യയില്‍ ഒട്ടേറെ പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഇവിടെയുള്ള അന്റാക്യ നഗരത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ അകപ്പെട്ടുകിടക്കുന്ന തന്റെ മാതാവിന്റെ നിലവിളി പുറത്തേക്കു കേള്‍ക്കാമെന്നും വലിയ കോണ്‍ക്രീറ്റ് പാളി നീക്കിയാല്‍ മാത്രമേ അവര്‍ക്കരികിലെത്താന്‍ കഴിയൂവെന്നും പ്രദേശവാസിയായ നര്‍ഗുല്‍ അത്തായ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തകരും വലിയ യന്ത്രങ്ങളും ഇനിയും എത്തിയിട്ടില്ലാത്തതിനാല്‍, 70കാരിയായ മാതാവിനെ രക്ഷിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും അവര്‍ വിതുമ്ബലോടെ വിവരിച്ചു.

നഗരത്തില്‍ പൊതു ഹാളുകളും സ്പോര്‍ട്സ് സെന്ററുകളും നിറഞ്ഞതിനാല്‍ അനേകം പേര്‍ കൊടുംതണുപ്പിലും പുറത്തു കഴിയേണ്ടിവരുകയാണ്.

സ്വതവേ ആരോഗ്യസംവിധാനങ്ങള്‍ കുറവുള്ളതിനാല്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനാവാത്ത അവസ്ഥയാണെന്ന്, വടക്കന്‍ സിറിയയില്‍ ദൗത്യത്തിലുള്ള ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സംഘത്തിന്റെ മേധാവി സെബാസ്റ്റ്യന്‍ ഗെയ് പറഞ്ഞു.

സിറിയന്‍ അതിര്‍ത്തിയില്‍ ഏറെ സൈനിക സാന്നിധ്യമുള്ള തുര്‍ക്കിയ, സിറിയന്‍ ദുരന്തബാധിതര്‍ക്കായി ടെന്റുകളും മറ്റും തയാറാക്കുന്നുണ്ട്. 12 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ നാടും വീടും നഷ്ടപ്പെട്ട് തുര്‍ക്കിയ അതിര്‍ത്തിയില്‍ കഴിയുന്ന അനേകരും ഭൂകമ്ബക്കെടുതിയില്‍ അകപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ച നാലിനാണ് യു.എസ് ജിയളോജിക്കല്‍ സര്‍വേ മാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്.

മണിക്കൂറുകള്‍ക്കുശേഷം 7.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവുമുണ്ടായി. പിന്നീട് നിരവധി തുടര്‍ കമ്ബനങ്ങളുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *