യാഥാര്‍ഥ്യം മറച്ചുവച്ച്‌ വേട്ടയാടുന്നു , വാടക നല്‍കാന്‍ ഉപയോഗിച്ചത് അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ തുക : ചിന്ത ജെറോം

അമ്മയുടെ ചികിത്സയ്ക്കും താമസിച്ചുവന്ന വീട് പുതുക്കിപ്പണിയുന്നതിനും വേണ്ടിയാണ് കൊല്ലത്തെ സ്വകാര്യ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ താല്‍ക്കാലികമായി താമസിക്കേണ്ടിവന്നതെന്ന് യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം പറഞ്ഞു.

മരിച്ചുപോയ അച്ഛന്റെ പേരിലുള്ള കുടുംബ പെന്‍ഷനും അധ്യാപികയായിരുന്ന അമ്മയുടെ പെന്‍ഷനുമാണ് വാടക നല്‍കാന്‍ ഉപയോഗിച്ചതെന്നും കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് അവര്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് അമ്മയ്ക്ക് ശാരീരികമായ ചില പ്രയാസങ്ങളുണ്ടായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലേക്കു മാറി. താമസിച്ചുവന്ന വീടിന്റെ താഴത്തെ നിലയില്‍ കിടപ്പുമുറിയോടു ചേര്‍ന്ന് ശുചിമുറി ഉണ്ടായിരുന്നില്ല. ഇത് അമ്മയ്ക്ക് ഏറെ പ്രയാസമായി.

ഈ സാഹചര്യത്തില്‍ ആയുര്‍വേദ ഡോക്ടര്‍ ഗീത ഡാര്‍വിന്റെ നിര്‍ദേശപ്രകാരമാണ് താമസം മാറ്റേണ്ടിവന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് ഡോക്ടര്‍ താമസിക്കുന്നത്. വൈദ്യുതിക്കും വെള്ളത്തിനുമുള്ള നിരക്ക് ഉള്‍പ്പെടെ 20,000 രൂപ വാടകയ്ക്കാണ് താമസിച്ചത്. അപ്പാര്‍ട്ട്മെന്റിന്റെ ബാങ്ക് അക്കൗണ്ടിലാണ് മാസവാടക നല്‍കിയത്. ഇതൊന്നും മനസ്സിലാക്കാതെ ഏതോ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടുകയാണ്. എന്റെയും അമ്മയുടെയും സ്വകാര്യ ജീവിതം പുറത്തു പറയേണ്ടിവരുന്നതില്‍ വിഷമമുണ്ട്. എന്തിനാണ് ഇങ്ങനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതെന്ന് അറിയില്ല. പിന്നില്‍ ആരെന്നും അറിയില്ല. ആര്‍ക്കുമെതിരെ നിയമനടപടിയെക്കുറിച്ചും ആലോചിച്ചിട്ടില്ല. യാഥാര്‍ഥ്യം അന്വേഷിക്കാതെ പൊതുസമൂഹത്തില്‍ ഇങ്ങനെ വലിച്ചിഴക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. ഊഹങ്ങള്‍വച്ച്‌ ആദ്യം സാമൂഹ്യ മാധ്യമങ്ങളും പിന്നീട് മറ്റു മാധ്യമങ്ങളും വാര്‍ത്തകൊടുത്ത അവസ്ഥയാണുള്ളതെന്നും ചിന്ത ജെറോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *