ഇത്തവണ ഹജ്ജിന് സംസ്ഥാനത്തുനിന്ന് മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റ് (പുറപ്പെടല്‍ കേന്ദ്രം) അനുവദിച്ചത് കേരളത്തിലെ ദീനിപ്രവര്‍ത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി.
അബ്ദുല്ലക്കുട്ടി. ‘ഇക്കുറി കൊച്ചുകേരളത്തില്‍നിന്ന് മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റാണ് അനുവദിച്ചത്. കേരളത്തിന്റെ ദീനിപ്രവര്‍ത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമായി ഇതിനെ കരുതുക. ചെയര്മാന് എന്നനിലയില്‍ വളരെ സന്തോഷമുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് പോളിസി നരേന്ദ്രമോദി ടച്ചുള്ളതാണ്’ -അബ്ദുല്ലക്കുട്ടി പറഞ്ഞു.
മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വി.ഐ.പി ക്വാട്ട പൂര്‍ണ്ണമായും എടുത്തു കളഞ്ഞതെന്ന് ഹജ്ജ് പോളിസിയെ കുറിച്ച് വിശദീകരിക്കവെ അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. ‘അല്ലാഹുവിന്റെ മുമ്ബില്‍ എന്ത് വി.ഐ.പി ക്വാട്ട? കഴിഞ്ഞ തവണ എനിക്ക് 50 പേരുടെ വി.ഐ.പി ക്വാട്ട ഉണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളടക്കം 5,000 പേരാണ് അവസരം ചോദിച്ച് എന്റെ അടുത്ത് വന്നത്. ഞാന്‍ നരേന്ദ്ര മോദിയോട് അദ്ദേഹത്തിന്റെ ക്വോട്ടയില്‍നിന്ന് 25 എണ്ണത്തിന് ചോദിച്ചപ്പോഴുള്ള മറുപടി ‘ഒരെണ്ണം പോലും തരില്ല. എന്റെ ക്വാട്ടയെല്ലാം ജനറല്‍ പൂളില്‍ കൊടുക്കണം’ എന്നായിരുന്നു. അന്ന് മോദി പഠിപ്പിച്ച വലിയ സന്ദേശമാണ് ‘അല്ലാഹുവിന്റെ വിളി ഉള്ളവര്‍ ഹജ്ജിന് പോയാല്‍ മതി. ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിനു പോകേണ്ട’ എന്നത്. എത്ര ദീനിയായ പ്രവര്‍ത്തനമാണിത്. മോദി അധികാരത്തില്‍ വരുന്നതിന് മുമ്ബ് ഒരു വിമാനം നിറയെ അതിസമ്ബന്നരും രാഷ്ട്രീയക്കാരും അടക്കമുള്ള വി.വി.ഐ.പിമാര്‍ ഹജ്ജിന് പോകുമായിരുന്നു. അവര്‍ അവസാന വിമാനത്തില്‍ പോയി ആദ്യവിമാനത്തില്‍ തിരിച്ചുവരും. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. ഈ ഹജ്ജ് ഹലാലല്ല, ഹറാമാണ് എന്ന് ഞാന്‍ മുമ്ബ് പ്രസംഗിച്ചത് വിവാദമായിരുന്നു’ അബ്ദുല്ലക്കുട്ടി പറഞ്ഞു.
