കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പുകയണയ്ക്കല്‍ ലക്ഷ്യത്തിലെക്കെത്തുന്നുവെന്ന് മന്ത്രി പി.രാജീവ്. പുകയുടെ അളവില്‍ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന ഫോണ്‍ കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളില്‍ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതില്‍ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകള്‍ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളില്‍ അഗ്നിശമന പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഫയര്‍ ടെന്‍ഡറുകള്‍ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയില്‍ നേരിടുന്ന പ്രശ്നം. കടമ്ബ്രയാറില്‍ നിന്നും ഉയര്‍ന്ന ശേഷിയുള്ള പമ്ബുകള്‍ ഉപയോഗിച്ച് ഉന്നത മര്‍ദ്ദത്തില്‍ വെള്ളം പമ്ബു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടില്‍ 4000 ലിറ്റര്‍ വെളളമാണ് ഇത്തരത്തില്‍ പമ്ബു ചെയ്യുന്നത്. ഫയര്‍ ടെന്‍ഡറുകള്‍ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാന്‍ പമ്ബ് ഉപയോഗിക്കുന്നു. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
കഴിഞ്ഞ രാത്രിയില്‍ 105 അഗ്നിശമന സേനാംഗങ്ങളും, 14 എ എസ്കവേറ്റര്‍ ഓപ്പറേറ്റര്‍മാരും, 14 പോലീസുകാരും ബി.പി.സി.എല്ലിലെ 5 പേരും, 35 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 20 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും, 19 ഹോം ഗാര്‍ഡുകളുമാണ് പങ്കെടുത്തത്. 18 ഫയര്‍ യൂണിറ്റുകളും, 14 എസ്കവേറ്ററുകളും ഹൈ പ്രഷര്‍ പമ്ബുകളും ഉപയോഗിച്ചു. ആംബുലന്‍സും മെഡിക്കല്‍ സംഘവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
