മുംബൈ: എയര്‍ ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ യാത്രക്കാരനാണ് ഇത്തവണ പ്രശ്നക്കാരനായത്.
വിമാന കമ്ബനി നല്കിയ പരാതിയില്‍ മുംബൈ സഹര്‍ പൊലീസ് സ്റ്റേഷന് രാമകാന്ത്(37) എന്നയാള്‍ക്കെതിരെ കേസെടുത്തു.
മാര്‍ച്ച് 11 നായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ ഇയാള്‍ വിമാനത്തിലെ ബാത്ത്റൂമില്‍ കയറി പുകവലിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വിമാനയാത്രയില്‍ പുകവലി അനുവദിനീയമല്ല. രാമകാന്ത് ബാത്ത്റൂമില്‍ കയറിയതിനു പിന്നാലെ വിമാനത്തിലെ അപായമണി മുഴങ്ങി. ഇതോടെ ജീവനക്കാരെല്ലാം ബാത്ത്റൂമിന് അടുത്തെത്തി. ഈ സമയത്ത് പുറത്തിറങ്ങിയ രാമകാന്തിന്റെ കയ്യില്‍ സിഗരറ്റ് കണ്ടതായി ജീവനക്കാര്‍ പറയുന്നു. ഉടന്‍ തന്നെ ഇയാളില്‍ നിന്നും സിഗരറ്റ് വാങ്ങി.
ഇതോടെ രാമകാന്ത് ജീവനക്കാരുടെ നേരെ തട്ടിക്കയറാന്‍ തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളെ സീറ്റില്‍ ഇരുത്തിയെങ്കിലും അല്പം കഴിഞ്ഞ് വീണ്ടും പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. വിമാനത്തിന്റെ ഡോര്‍ തുറക്കാനായിരുന്നു പിന്നീടുള്ള ശ്രമം. രാമകാന്തിന്റെ പെരുമാറ്റം കണ്ട് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും പരിഭ്രാന്തരായി.
രാമകാന്തിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ സീറ്റില്‍ തന്നെ ഇരുത്താന്‍ ഇയാളുടെ കൈയ്യും കാലും കെട്ടിയിടേണ്ടി വന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
സീറ്റില്‍ കെട്ടിയിട്ടതോടെ ഇയാള്‍ തല സീറ്റില്‍ ഇടിക്കാന്‍ തുടങ്ങിയതായും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ രാമകാന്തിനെ പരിശോധിച്ചിരുന്നു. തന്റെ ബാഗില്‍ മരുന്നുണ്ടെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ബാഗ് പരിശോധിച്ചപ്പോള്‍ ഒരു ഇ-സിഗരറ്റ് മാത്രമാണ് കണ്ടെത്താനായത്.
വിമാനം മുംബൈയില്‍ എത്തിയ ഉടനെ, പൊലീസിനെ വിവരം അറിയിച്ച് രാമകാന്തിനെ കൈമാറുകയായിരുന്നു. ഇന്ത്യന്‍ വംശജനാണെങ്കിലും യുഎസ് പൗരനാണ് രാമകാന്ത്. യുഎസ് പാസ്പോര്‍ട്ടും ഇയാള്‍ക്കുണ്ട്.
രാമകാന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു.
