സ്വാഭാവിക വനം വച്ചുപിടിപ്പിക്കും: മറ്റു മാര്‍ഗമില്ലെങ്കില്‍ പടയപ്പയ്ക്ക് അരിക്കൊമ്ബന്റെ അതേ വിധി; മന്ത്രി

കൊച്ചി ∙ മൂന്നാർ മേഖലയില്‍ അതിക്രമങ്ങള്‍ തുടരുന്ന കാട്ടാന പടയപ്പയെ ഉള്‍വനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കില്‍ അരിക്കൊമ്ബന്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ.

സംസ്ഥാനങ്ങളിലെ വനങ്ങളില്‍നിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ പൂർത്തിയാകാൻ 21 വർഷം വേണം. എറണാകുളം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ആക്രമണങ്ങള്‍ വർധിച്ചതോടെയാണ് അരിക്കൊമ്ബനെ ചിന്നക്കനാല്‍ മേഖലയില്‍നിന്നു മയക്കുവെടി വച്ച്‌ പിടികൂടി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി വിട്ടത്. അരിക്കൊമ്ബന് ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല, സസുഖം ജീവിക്കുന്നു. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനുള്ള വഴികള്‍ നോക്കുകയാണ്. മറ്റു മാർഗങ്ങളില്ലെങ്കില്‍ അരിക്കൊമ്ബനെ പിടികൂടിയതു പോലെ പടയപ്പയേയും പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റും. കാലാവസ്ഥാ വ്യതിയാനം എല്ലാവരെയും ബാധിച്ചതു പോലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാട്ടില്‍ ചൂട് വര്‍ധിച്ചു. അതില്‍നിന്ന് രക്ഷപെടാൻ കൂടിയാണ് മൃഗങ്ങള്‍ പുറത്തേക്കിറങ്ങുന്നത്. ഈ പ്രതിഭാസം കുറച്ചുകാലം കൂടി തുടരും.

കാടിനുള്ളിലെ സ്വാഭാവിക സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനു ചതുപ്പുകളും കുളങ്ങളും സംരക്ഷിക്കണം. കാട്ടിനുള്ളില്‍ ജലലഭ്യത ഉറപ്പു വരുത്താൻ കുളങ്ങളും തടയണകളും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ സംരക്ഷിക്കാൻ പദ്ധതിയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇതിന് തുടക്കമിട്ടു കഴിഞ്ഞു. സർക്കാരിന് അധികബാധ്യത വരാതെ തദ്ദേശ, പൊതു സ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കും. കൂടുതല്‍ താല്‍ക്കാലിക വാച്ചർമാരെ നിയമിക്കും. വനത്തില്‍ നേരത്തേ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഇതൊന്നും കാര്യക്ഷമമായില്ല. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും റേഞ്ച് ഓഫിസര്‍മാരുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ പദ്ധതികള്‍ നടപ്പാക്കുന്നത്”- ശശീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *