ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇലക്ടറല്‍ ബോണ്ട് നിര്‍ത്തലാക്കുന്നതിലൂടെ രാഷ്ട്രീയത്തില്‍ കള്ളപ്പണമൊഴുകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎന്‍എന്‍ ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” സുപ്രീം കോടതിയുടെ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ സുപ്രീം കോടതി വിധിയെ ഞാന്‍ മാനിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കള്ളപ്പണമൊഴുക്ക് തടയാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ സഹായിച്ചിട്ടുണ്ടെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡി സഖ്യം ഇലക്ടറല്‍ ബോണ്ടിനെ എതിര്‍ക്കുന്നത്. അവര്‍ക്ക് പഴയരീതിയിലുള്ള സമ്ബ്രദായമാണ് വേണ്ടത്,” അമിത് ഷാ പറഞ്ഞു.
” നേരത്തെ സംഭാവനകള്‍ പണമായാണ് നല്‍കി വന്നിരുന്നത്. ഉദാഹരണത്തിന് ഒരാള്‍ 1500 രൂപ സംഭാവന നല്‍കിയാല്‍ അതില്‍ 100 രൂപ പാര്‍ട്ടി ഫണ്ടിലും ബാക്കി പണം നേതാവിന്റെ പോക്കറ്റിലേക്കുമാണ് പോയിരുന്നത്. ഇലക്ടറല്‍ ബോണ്ട് വന്നതോടെ സംഭാവന മുഴുവന്‍ പാര്‍ട്ടി ഫണ്ടിലേക്ക് എത്താന്‍ തുടങ്ങി. ഈ രീതി ഇന്‍ഡി സഖ്യത്തിന് അത്ര ശീലമില്ല,” അമിത് ഷാ പറഞ്ഞു.
സുതാര്യമായ ഭരണസംവിധാനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” 2014ല്‍ ബിജെപിയ്ക്ക് ലഭിച്ച 81 ശതമാനം സംഭാവനയും പണമായിട്ടായിരുന്നു. ആരാണ് സംഭാവന നല്‍കിയത് എന്നു പോലും വ്യക്തമായിരുന്നില്ല. 2018 ആയപ്പോഴേക്കും ഇത്തരത്തില്‍ സംഭാവന നല്‍കിയവരുടെ എണ്ണം 17 ശതമാനമായി. 2023ല്‍ ഇത് 3 ശതമാനവുമായി എന്നും അദ്ദേഹം പറഞ്ഞു.
” ഇലക്ടറല്‍ ബോണ്ട് വഴി ഞങ്ങള്‍ക്ക് ഒരുപാട് പണം കിട്ടിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഞങ്ങള്‍ക്ക് 303 സീറ്റുണ്ട്. 17 ഇടത്ത് ഞങ്ങള്‍ അധികാരത്തിലുണ്ട്. എല്ലാം സംസ്ഥാനങ്ങളിലും പാര്‍ട്ടി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. 2019ല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ പുതിയ പദ്ധതികളോ നയങ്ങളോ പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസരത്തില്‍ ബോണ്ടുകളില്‍ നിന്ന് ഗണ്യമായ വരുമാനം ലഭിച്ചു. പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയതിന് ശേഷം തൊണ്ണൂറ് ശതമാനത്തിലധികം ഫണ്ട് ഇലക്ടറല്‍ ബോണ്ടില്‍ നിന്ന് ലഭിച്ചു. അതിനാല്‍ ഇത് സര്‍ക്കാര്‍ നയങ്ങളെ ബാധിക്കുമെന്ന വാദം തെറ്റാണ്,” അമിത് ഷാ പറഞ്ഞു.
” രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയ്ക്കും കിട്ടിയല്ലോ 1600 കോടിരൂപ. അത് എവിടെനിന്നാണ് കിട്ടിയതെന്ന് രാഹുലും വിശദമാക്കണം. ഈ സംഭാവന സുതാര്യമാണെന്ന് ഞങ്ങള്‍ പറയുന്നു. അദ്ദേഹം പറയുന്നു ഇത് കൈക്കൂലിയാണെന്ന്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച പണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണം,” അമിത് ഷാ വ്യക്തമാക്കി.
സംഭാവന നല്‍കിയവരുടെ പേര് വിവരങ്ങള്‍ ബിജെപി നേതൃത്വം വ്യക്തമാക്കുമോ എന്ന ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഇന്‍ഡി സഖ്യത്തിന് മുഖമുയര്‍ത്തി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
