പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം ആഗ്രഹിക്കുമ്പോള്‍

ജെ ജോര്‍ജ്

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുമ്പോള്‍ മൂന്നാം തുടര്‍ഭരണം ചര്‍ച്ച തുടങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി ഇതിനെ കാണുന്നത്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ വരെ തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്റ്റഡി ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുമുള്ള ഒരുക്ക ഭാഗമായാണ് ഈ കാലേക്കൂട്ടിയുള്ള തയ്യാറെടുപ്പ്. സര്‍ക്കാറിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിവരിച്ച് എല്ലാ ജില്ലകളിലും വന്‍ പ്രദര്‍ശനങ്ങളും സെമിനാറുകളുമൊരുക്കിക്കഴിഞ്ഞു.
2016ല്‍ അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാറിന് തുടര്‍ഭരണം ലഭിക്കാന്‍ മഹാമാരികള്‍ സഹായകമായെന്നത് ഒരു വസ്തുതയാണ്. രണ്ടു പ്രളയവും കോവിഡ് അടച്ചിടലുമെല്ലാം മറികടന്ന രക്ഷാദൗത്യം എല്‍ ഡി എഫ് സര്‍ക്കാറിന് രണ്ടാമതും ഭരണത്തുടര്‍ച്ചക്ക് സഹായകമായി. ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ ഇടപെടലുകളും സാധാരണ ജനത്തിന്റെ മനസിലിടം നേടാന്‍ സഹായകമായി. കോവിഡ് വറുതിക്കാലത്ത് ജനങ്ങള്‍ക്കെല്ലാം അവശ്യ വസ്തുക്കളുടെ കിറ്റ് വിതരണം നടത്തിയത് സര്‍ക്കാറിനെ സാധാരണക്കാരന്റെ മനസിലിടം നേടാന്‍ സഹായിച്ചു.
മഹാമാരികാലത്ത് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഏറെ പ്രതീക്ഷക്ക് വകയില്ലാതാവുകയായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ വന്‍ വികസന പദ്ധതികളാണ് തുടര്‍ഭരണത്തിന് എല്‍ ഡി എഫിനെ തുണയ്ക്കുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം പദ്ധതി സര്‍ക്കാറിന്റെ വികസന മുഖമായി അവതരിപ്പിച്ചു കഴിഞ്ഞു. പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കവും ഉദ്ഘാടന വേളയില്‍ വിവാദമായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ വികസനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നതെന്ന പ്രതിരോധമുയര്‍ത്തിയാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.
ദേശീയപാതകളുടെയും പ്രാദേശിക റിംഗ് റോഡുകളുടെയും വികസനമാണ് സര്‍ക്കാറിന്റെ മറ്റൊരു വികസന നേട്ടമായി അവതരിപ്പിച്ചത്. ആറുവരിപ്പാത പൂര്‍ത്തിയാവുന്നതോടെ സംസ്ഥാന വികസന കുതിച്ചു ചാട്ടവും അനായാസ യാത്രാ സൗകര്യവും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സമീപകാലത്തെ പ്രചരണം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ കാലവര്‍ഷം തുടങ്ങും മുമ്പ് തന്നെ ആറുവരിപ്പാത പലയിടത്തും തകര്‍ന്നതോടെ വന്‍ പ്രതിഷേധമുയരുന്നതും സാമൂഹ്യ മാധ്യമങ്ങളുടെ കനിവില്ലാത്ത ട്രോളുകളും പിണറായി സര്‍ക്കാറിനെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. പ്രതിപക്ഷത്തോടൊപ്പം വിവിധ സംഘടനകളും പാതയുടെ വശങ്ങളിലുള്ളവരുമെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട് വരും ദിനങ്ങളില്‍ മഴ കനക്കുന്നതോടെ കൂടുതല്‍ തകര്‍ച്ച പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ദേശീയ പാതയുടെ തകര്‍ച്ച സംബന്ധിച്ച് ദേശീയ പാത അഥോറിറ്റിയെ പൂര്‍ണമായും കുറ്റപ്പെടുത്തി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി പ്രതിരോധം തീര്‍ക്കുന്നുണ്ട്. ദേശീയപാത അഥോറിറ്റി ഓഫിസുകള്‍ക്ക് നേരെ ഇടതു പ്രതിഷേധവും ഇതിന്റെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്.
വികസനം തുണയാവുമെന്ന പ്രതീക്ഷകള്‍ക്കിടെ നെഗറ്റീവ് വശങ്ങളും തുടര്‍ഭരണത്തിന് തടസമാവുമെന്ന ആശങ്ക എല്‍ ഡി എഫിനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രധാന വെല്ലുവിളിയാണ്. പലപ്പോഴും കടമെടുപ്പിന് കേന്ദ്രം കര്‍ശന നിയന്ത്രണം കൊണ്ടുവന്നത് സര്‍ക്കാറിനെ വലച്ചു. ക്ഷാമബത്ത കുടിശിക തലവേദനയാവുന്നുണ്ട്.
വന്യജീവി ആക്രമണം മൂലമുണ്ടാവുന്ന മരണങ്ങള്‍ വര്‍ധിച്ചതോടെ മലയോര മേഖലയിലെ കര്‍ഷകരുടെ രോക്ഷം അണപൊട്ടുകയാണ്. ഇത് മുതലെടുക്കാന്‍ മലയോര ജാഥകള്‍ പ്രതിപക്ഷം നടത്തിക്കഴിഞ്ഞു. ഇടത് അനുകൂലമായുള്ള ക്രിസ്ത്യന്‍ വിഭാഗവും ഈ പേരില്‍ സര്‍ക്കാരിനോട് അകലുകയാണ്.
രാസലഹരി യുവതലമുറയെ കാര്‍ന്നു തിന്നുന്നതും അതേ തുടര്‍ന്നുള്ള അതിക്രമങ്ങളും പതിവായപ്പോള്‍ ശക്തമായ പൊലീസ്-എക്സൈസ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തു വന്നത് തുണയ്ക്കുമെന്നാണ് എല്‍ ഡി എഫ് വാദം. മറുവശത്ത് ഉദാരമായ മദ്യനയം നടപ്പാക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെ തടയിടുന്നുണ്ട്.
കോണ്‍ഗ്രസും ബി ജെ പിയും നേതൃമാറ്റത്തിലൂടെ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ്. ചില മേഖലകളില്‍ ബി ജെ പിക്കുണ്ടാവുന്ന കരുത്താര്‍ജിക്കല്‍ മണ്ഡലങ്ങളിലെ വിജയത്തെ ബാധിക്കാനിടയാക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാവുന്ന കോണ്‍ഗ്രസിലെയും യു ഡി എഫിലെയും പടലപിണക്കങ്ങളും പ്രതീക്ഷയോടെ കാക്കുകയാണ് ഇടത് മുന്നണി.

Leave a Reply

Your email address will not be published. Required fields are marked *