പവര്‍ കട്ട്; മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം;കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഊരി

മലപ്പുറം-വൈദ്യുതി വകുപ്പും അധികൃതരും ജനത്തെ ബുദ്ധിമുട്ടിലാക്കി നടത്തുന്ന പവര്‍ കട്ടില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. മലപ്പുറത്ത് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഊരി.ജനം കനത്ത ചൂടില്‍ വൈദ്യുതി ഇല്ലാതെ വെന്തുരുകുന്ന അവസ്ഥ അധികാരികള്‍ നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടിയാണ് യൂത്ത് ലീഗ് ഫ്യൂസ് ഊരിയത്.

കേരളത്തിന്റെ കാലാവസ്ഥക്കും വൈദ്യുതി ലഭ്യതക്കും അനുസൃതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരുന്ന ഇലക്ട്രിസിറ്റി ബോഡിന്റെ അനാസ്ഥയാണ് ഈ അവസ്ഥക്ക് ഹേതുവെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ചൂട് കഠിനമായി കൂടുകയും വൈദ്യുതി ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്തതോടെ പുറത്ത് നിന്നും വൈദ്യുതി വാങ്ങാനുള്ള തീരുമാനവും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കെഎസ്ഇബിയും സര്‍ക്കാരും കേരളത്തെ കൊണ്ടെത്തിച്ചത്.

പീക്ക് സമയത്തുള്ള പവര്‍ കട്ടിന് നിശ്ചിത സമയമില്ല. രാത്രി കാലങ്ങളില്‍ പലതവണകളായി വൈദ്യുതി മുടക്കം വരുന്ന അവസ്ഥയുണ്ട്. പവര്‍ കട്ടില്ലാത്ത വര്‍ഷങ്ങളെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇടത് സര്‍ക്കാരിന്റെ കൊള്ളരുതായ്മയുടെ ഫലമാണ് ജനം അനുഭവിക്കുന്നതെന്നും സമരത്തില്‍ യൂത്ത് ലീഗ് സൂചിപ്പിച്ചു. കേരളത്തിന്റെ സാഹചര്യത്തിന് അനുസൃതമായി വൈദ്യുതി സംഭരിച്ച് വെക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ തിക്തഫലമാണ് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന പവര്‍ കട്ട്. ലോഡ് ഷെഡിംഗും പവര്‍ കട്ടും ഇല്ലാതാക്കാന്‍ 23841 കോടി രൂപ ചെലവാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും പവര്‍ കട്ട് തുടരുന്നത് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ പോരായ്മയും സര്‍ക്കാരിന്റെ പിടിപ്പ് കേടും തുറന്ന് കാട്ടുന്നതാണ്. ജനങ്ങളുടെ ബുദ്ധിമുട്ടിനൊപ്പം മുസ് ലിം യൂത്ത് ലീഗ് തുടര്‍ന്നും സമര രംഗത്തുണ്ടാകും.

മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കുട്ടി മൊറയൂര്‍, ട്രഷറര്‍ സഹല്‍ വടക്കുംമുറി ഭാരവാഹികളായ സദാദ് കാമ്പ്ര, അഡ്വ.അഫീഫ് പറവത്ത്, സി.പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, പി.കെ ഫാസില്‍ കരീം, നബീല്‍ അരിമ്പ്ര, ആനക്കയം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെവിഎം മന്‍സൂര്‍, മൊറയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാഹുല്‍ഹമീദ് മൊറയൂര്‍, എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറി സികെ ബുഷൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അധികൃതരുമായി ജനത്തിന്റെ ബുദ്ധിമുട്ടും യൂത്ത് ലീഗിന്റെ ഇടപെടലും ചര്‍ച്ച ചെയ്തു. അനുഭാവ പൂര്‍വ്വം ചര്‍ച്ചകളില്‍ തങ്ങളുടെ ഭാഗം പറഞ്ഞ ഉദ്യോഗസ്ഥര്‍ ആവശ്യങ്ങള്‍ റിപ്പോട്ട് ചെയ്യാമെന്ന് യൂത്ത് ലീഗിന് ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *