എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകൾക്ക് തുടക്കം

മഞ്ചേരി – എസ് എസ് എഫ് സംഘടിപ്പിക്കുന്ന മുപ്പത്തി രണ്ടാമത് സാഹിത്യോത്സവുകളുടെ യൂണിറ്റ് തല മത്സരങ്ങൾക്ക് ജില്ലയിൽ തുടക്കമായി. പാണ്ടിക്കാട് വെള്ളുവങ്ങാട് പള്ളിപ്പടിയിൽ യൂണിറ്റ് സാഹിത്യോത്സവുകളുടെ ജില്ലാ തല ഉദ്ഘാടനം ചിത്രകാരൻ ദേവദാസ് പി നിർവഹിച്ചു. 

സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ് സന്ദേശ പ്രഭാഷണം നടത്തി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി അബ്ദുലത്തീഫ് സഖാഫി, എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറിമാരായ സി കെ അജ്മൽ യാസീൻ, സിറാജുദ്ദീൻ നുസ്‌രി സംസാരിച്ചു. മുഹമ്മദ് സഖാഫി യു, മൻസൂർ സഖാഫി സംബന്ധിച്ചു. അബ്ദുൽ വാജിദ് പി സ്വാഗതവും അലി അക്ബർ സഖാഫി നന്ദിയും പറഞ്ഞു.

യൂണിറ്റ് തലത്തിൽ സാഹിത്യോത്സവിൽ വിദ്യാർഥികൾക്കായി നൂറോളം  മത്സരങ്ങളും സാംസ്കാരിക പരിപാടികളുമാണ് നടക്കുക. മത്സരങ്ങൾക്ക് മുന്നോടിയായി ‘ഹൃദയമുദ്ര’ ലഹരിക്കെതിരെ കയ്യൊപ്പ്, ‘കവലയിലെ കഥ’, ‘ചിത്രത്തെരു’, ‘കവിതത്തെരുവ്’ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കും. ലഹരിയുടെ ദുരന്തങ്ങൾ കടന്നു വരുന്ന പുസ്തകങ്ങൾ ആസ്പദമാക്കി പുസ്തക ചർച്ചയും നടക്കും.

വിദ്യാർത്ഥികളിലും കുടുംബങ്ങളിലും ലഹരി, സൈബർക്രൈം ഉപയോഗത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമാക്കി വീടുകളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവുകളും ബ്ലോക്ക് സാഹിത്യോത്സവുകളും പൂർത്തിയാക്കിയാണ് യൂണിറ്റ് തല മത്സരങ്ങൾക്ക് വേദിയൊരുങ്ങുന്നത്. ജില്ലയിലെ അര ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ  മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ‘ലൈഫ് അഗെയ്ൻസ്റ്റ് അഡിക്ഷൻ (Project LAA, ലാ)’ പദ്ധതിയുടെ ഭാഗം കൂടിയാണ് ഇത്തവണ ഫാമിലി സാഹിത്യോത്സവുകൾ. വിദ്യാർത്ഥികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിച്ച് അധാർമിക സ്വാധീനങ്ങളിൽ നിന്ന് വിട്ടുനിര്‍ത്തലാണ് പ്രധാന ഉദ്ദേശ്യം.

Leave a Reply

Your email address will not be published. Required fields are marked *