ഇ.ശ്രീധരന്റെ നിർദേശം റെയില്‍വേയുടെ പരിഗണനയില്‍

സില്‍വർലൈന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇ.ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്.

ചർച്ചകള്‍ക്കായി ഇ.ശ്രീധരൻ വീണ്ടും ഡല്‍ഹിയിലെത്തി റെയില്‍വേ മന്ത്രിയെ കാണും. അതിന് ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. നേരത്തെ, കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയില്‍ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു. കെ. റെയില്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെയില്‍വേ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്.

നേരത്തെ, സില്‍വർ ലൈനിന് അനുയോജ്യമായ റിപ്പോർട്ടല്ല ദക്ഷിണ റെയില്‍വേ നല്‍കിയിരുന്നത്. നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയില്‍ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയില്‍വേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സില്‍വർ ലൈൻ റെയില്‍വേയ്ക്ക് സാമ്ബത്തിക ബാധ്യത വരുത്തും. റെയില്‍വേ ബോർഡിന് നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സില്‍വർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയില്‍വെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *