നിലമ്പൂർ: മലപ്പുറം ജില്ല വിഭജിക്കണമെന്ന് പി.വി അൻവർ. മലപ്പുറം ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ച് ഞങ്ങൾക്കൊരു ജില്ല വേണമെന്നും ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങളെ കൂട്ടി തൃണമൂലിൻ്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വിഭജിക്കുന്നതിന് യുഡിഎഫ് എൽഡിഎഫ് നേതൃത്വം തയ്യാറുണ്ടോ എന്നു അദ്ദേഹം ചോദിച്ചു.
തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂർ, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവ കേന്ദ്രീകരിച്ച് ഒരു മലയോര ജില്ല വേണം. കോഴിക്കോടിന്റെ ഭാഗമായ തിരുവമ്പാടി ഇതിൻെറ ഭാഗമാക്കണം അത് മലയോര മേഖലയാണ് – അദ്ദേഹം പറഞ്ഞു.
”ജനങ്ങൾ ഇവിടെ കഷ്ടപ്പെടുകയാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെ കൂട്ടി മലയോര മേഖലയ്ക്ക് ഒരു ജില്ല വേണം. ഞങ്ങൾ സമരം ചെയ്യാൻ പോവുകയാണ്. ഇന്നലെ ചേർന്ന കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. ഇതുമായി മുന്നോട്ടു പോകും ചെല്ലുമ്പോൾ ആളുകൾ ഇക്കാര്യം പറയുന്നുണ്ട്. ജില്ലയോട് അത്ര സ്നേഹം ഉണ്ടെങ്കിൽ നേതാക്കന്മാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കട്ടെ” – അദ്ദേഹം വെല്ലു വിളിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇവിടെ വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
