നിലമ്പൂർ വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയി നിന്ന് ഷോക്കേറ്റ് മരണപ്പെട്ട അനന്തുവിന്റെ മാതാപിതാക്കളെ സന്ദർശിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി.
സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം ഉണ്ടായ അപകടത്തിന്റെ രക്തസാക്ഷിയാണ് അനന്തുവെന്നും വളരെ പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയും അത്താണിയുമായിരുന്ന അനന്തുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾ അങ്ങേയറ്റം ദുഃഖിതരും നിരാശരുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്ന അനന്തുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സന്ദർശന സമയത്ത് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്താൻ എത്തിയ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണം എന്നും എംപി ആവശ്യപ്പെട്ടു.
വൈദ്യുതി ലൈനിൽ നിന്നും അനധികൃതമായി വൈദ്യുതി എടുത്തത് അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന വൈദ്യുതിവകുപ്പിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാതിരിക്കുന്ന വനംവകുപ്പിന്റെ നിഷ്ക്രിയത്വം മൂലം മലയോര മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ ഭീതിയിൽ ആണെന്നും നൂറുകണക്കിന് ആൾക്കാർക്ക് ഇതിനോടകം വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുകയും പരിക്കുപറ്റിയതായും എംപി പറഞ്ഞു.
ഏവരുടെയും കരളലിയിപ്പിക്കുന്ന അതിദാരുണമായ സംഭവമാണ് അനന്തുവിന്റെ മരണമെന്നും കുടുംബത്തിന് അടിയന്തിരമായി അർഹമായ ഉയർന്ന നഷ്ടപരിഹാരം നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സാധ്യമായ എല്ലാ പിന്തുണയും കോൺഗ്രസ് പാർട്ടി അനന്തുവിന്റെ കുടുംബത്തിന് നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
