ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന്‌ വഴിതുറന്നത്‌ കോൺഗ്രസ്‌: മുഖ്യമന്ത്രി

നിലമ്പൂർ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മദത്തിനു വഴങ്ങി സാമ്രാജ്യത്വവിരുദ്ധ നയം പൊളിച്ചെഴുതി–- പോത്തുകല്ല്‌, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽ എൽഡിഎഫ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ റാലികൾ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.
പലസ്‌തീന്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യാസർ അറഫാത്തിനൊപ്പം ഒരുമിച്ച്‌ ജനങ്ങളെ കണ്ട പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്‌റു. അത്‌ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്ക്‌ വലിയ അംഗീകാരമുണ്ടാക്കിക്കൊടുത്തു. ധീരമായ നിലപാടായിരുന്നു അത്‌. സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യ അനുകൂലവുമായ ചേരിചേരാനയം തുടർന്നതിനാൽ മൂന്നാംലോക രാജ്യങ്ങൾ ഇന്ത്യയെ ബഹുമാനിച്ചു. എന്നാൽ പതിയെ ഇസ്രയേൽ അനുകൂല നിലപാടിലേക്ക്‌ മാറി. ഇപ്പോൾ ഇസ്രയേലിൽനിന്നാണ്‌ വലിയതോതിൽ ആയുധം ഇറക്കുമതി ചെയ്യുന്നത്‌. ഐക്യരാഷ്‌ട്രസഭയിൽ ഇസ്രായേലിനെതിരെ പ്രമേയം വന്നപ്പോൾ അനുകൂലിച്ച്‌ വോട്ടുചെയ്യാൻ തയ്യാറാകാത്ത സ്ഥിതിയിലേക്ക്‌ എത്തി. ഒന്നല്ല പലതവണ ഇത്‌ ആവർത്തിച്ചു.
കഴിഞ്ഞദിവസം ഇസ്രയേൽ ഇറാനെ നെറികെട്ടരുതിയിലാണ്‌ ആക്രമിച്ചത്‌. ആരാണ്‌ അവർക്ക്‌ അതിന്‌ അധികാരം കൊടുത്തത്‌. ലോകപൊലീസ്‌ ചമയുന്നത്‌ അമേരിക്കയാണ്‌. അവരുടെ പിന്തുണയിലാണ്‌ ഇപ്പോൾ ഇസ്രയേലിന്റെ കളികൾ. അതിനെതിരെ ഇന്ത്യയുടെ ശബ്ദമുയരണ്ടേ. ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ ശരിയായ നിലയിൽ പ്രതികരണമില്ലാത്ത പാർടിയായി കോൺഗ്രസും മാറി–- മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *