ഇസ്രായേല്‍ ആക്രമണം, തെഹ്റാനില്‍ നാശം വിതച്ച് തീക്കനല്‍; ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഒഴുകുന്നു

ഗള്‍ഫ് ഡസ്‌ക്:

ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഇറാനിലെ പൊതുജിവിതത്തെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ട് നാലിന് 25 കാരി ഫിനാന്‍സ് അനലിസ്റ്റ് നാഹിദിന്റെ ജനാലകള്‍ കുലുങ്ങുകയായിരുന്നു. സമീപത്തുള്ള ഒരു കെട്ടിടത്തില്‍ ഇസ്രായേല്‍ ബോംബ് വീണതിന്റെ ശബ്ദവും ഉടനെ വീടിന്റെ അകത്ത് പുക നിറയുന്നതുമാണ് നൗഹീദിന് അനുഭവപ്പെട്ടത്.

”ഇത് ഒരു കൂട്ടഹത്യയാണ്. ശബ്ദങ്ങള്‍ കാതടയ്ക്കുന്നു. കുട്ടികള്‍ കരയുന്നു. ഒരുപാട് മനുഷ്യര്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ ഭയക്കുന്നു. മരണത്തിന്റെ ഗന്ധം വായുവില്‍ നിറഞ്ഞിരിക്കുന്നു,” നൗഹീദിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ മൂന്നാം ദിവസത്തെ ബോംബാക്രമണമാണ് ഞായറാഴ്ച്ചത്തേത്. തലസ്ഥാനമായ തെഹ്റാനിലെയും മറ്റ് നഗരങ്ങളിലെയും ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഒഴുകുകയാണ്.

വെള്ളിയാഴ്ച മുതലുള്ള ആക്രമണങ്ങളില്‍ കുറഞ്ഞത് 138 പേര്‍ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഇറാനില്‍ ബോംബാക്രമണം തുടങ്ങിയത്. ഇറാന്‍ ഉടനെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചപ്പോള്‍ ശനിയാഴ്ച രാത്രിയോടെ മൂന്ന് കുട്ടികളടക്കം 10 പേര്‍ ഇസ്രായേല്‍ ഭാഗത്തും കൊല്ലപ്പെട്ടു.

തെഹ്റാനില്‍ മെട്രോ സ്റ്റേഷനുകളും സ്‌കൂളുകളും ഇപ്പോള്‍ ഷെല്‍ട്ടറുകളായി തുറന്നു നല്‍കുമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു. പക്ഷേ, ഇതിലും സുരക്ഷിതമെന്ന് ഉറപ്പില്ലെന്ന് നാഹിദ് പറയുന്നു. ‘ഞങ്ങളുടെ വീട്ടിനുള്ളില്‍ തന്നെ അടിയന്തരമായി രക്ഷയില്ലാതാകും. ഞങ്ങള്‍ പുറത്തേക്കുള്ള യാത്ര ആരംഭിക്കാന്‍ ആലോചിക്കുന്നു.’

റേഷന്‍ വാങ്ങാന്‍ ആളുകള്‍ ഓടുന്നുണ്ട്. ചിലര്‍ ഇന്ധനം നിറയ്ക്കുന്നതിനായി പമ്പുകള്‍ക്ക് മുന്നില്‍ ക്യൂവിലുണ്ട്. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതോടെ ബന്ധപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇറാന്റെ ആന്തരിക പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിക്കും നടുവിലാണ് ഇസ്രായേലിന്റെ ഈ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *