എയര്‍ ഇന്ത്യാ വിമാനാപകടം: തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍, 187 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

അഹമ്മദാബാദ് : എയർ ഇന്ത്യാ വിമാന അപകടത്തില്‍ രണ്ട് ഡിഎൻഎ ഫലം കൂടി പുറത്ത് വന്നു. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി.

187 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. 15 മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്ബിളുകള്‍ക്കായി കാത്തിരിക്കുകയാണ്. ഗുജറാത്ത് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചതാണിത്.

അഹമ്മദാബാദില്‍ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന 242 പേ‍‌രില്‍ 241 പേരും കൊല്ലപ്പെട്ടിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ടത് വിശ്വാസ് കുമാർ രമേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജായി. മരിച്ചവരില്‍ 27 ബ്രിട്ടീഷ് പൗരന്മാരും നാല് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉള്‍പ്പെടുന്നു.

ജൂണ്‍ 12ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ 787 വിമാനമാണ് സർദാർ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തകർന്നത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാർത്ഥികളും അപകടത്തില്‍ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.

വിമാനം എങ്ങനെയാണ് തകർന്നതെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എയർ ഇന്ത്യ, ബോയിങ്, വ്യോമയാന മന്ത്രാലയം തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതോടുകൂടി വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *