ഭാരതാംബ വിവാദം: കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം; യുവമോർച്ച-SFI സംഘർഷം

കോഴിക്കോട് : തളിയിൽ യുവമോർച്ച-എസ്എഫ്ഐ സംഘർഷം. ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സംഭവത്തിൽ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി തളി സാമൂതിരി സ്കൂളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വരുന്നതിനിടെയാണ് സംഭവം. തളി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരേ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനിടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്തെത്തി എബിവിപി പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇത് സംഘർഷത്തിലേക്ക് നീങ്ങുകയും പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് രംഗം ശാന്തമാക്കിയത്. പിന്നാലെ, യുവമോർച്ചയുടെ പ്രകാശ് ബാബു ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പോലീസിനോട് കയർത്തു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെയാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്നും പോലീസ് കസ്റ്റഡിയിലിരിക്കേ നടത്തിയ ഈ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും യുവമോർച്ച പ്രവർത്തകർ വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമത്തിൽ പോലീസിന് ഉത്തരവാദിത്വമുണ്ടെന്നും യുവമോർച്ച ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *