തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ നന്ദിയറിയിക്കാന്‍ പാണക്കാട്ടെത്തി ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തി നിയുക്ത എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിലെ മുസ്്‌ലിംലീഗ് നേതാക്കള്‍ക്കൊപ്പമാണ് ആര്യാടന്‍ ഷൗക്കത്ത് പാണക്കാട്ടേക്ക് എത്തിയത്. എം.എല്‍.എമാരായ പി.കെ. പി.കെ. ബഷീറും അഡ്വ. യു.എ. ലത്തീഫും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടവും ഒപ്പമുണ്ടായിരുന്നു. ഷൗക്കത്തിന് സ്‌നേഹ മുധരുമായി പച്ചലഡു നല്‍കിയാണ് തങ്ങള്‍ സ്വീകരിച്ചത്. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയപ്പാട് കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരില്‍ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാന്‍ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഇതിന് നിയോഗമാകാന്‍ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിനെ എല്ലാവിധ ആശംസകളും വിജയങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിംലീഗാണെന്നും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ പരിണത ഫലമാണ് യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആദ്യം തുടങ്ങിയത് മുസ്ലിം ലീഗ് ആണ്. താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാന്‍ മുസ്്‌ലിംലീഗിനായി. കോണ്‍ഗ്രസിനെക്കാള്‍ മുന്നേ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചതും മുസ്ലിം ലീഗ് ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയാണ്. ഹജ്ജ് കഴിഞ്ഞ് തങ്ങള്‍ നേരെ എത്തിയത് നിലമ്പൂരിലേക്കാണ്. പി.കെ കുഞ്ഞാലിക്കുട്ടിയും വലിയ പിന്തുണ നല്‍കി. യുഡിഎഫില്‍ ഒരുമിപ്പിക്കുന്ന ദൗത്യം എല്ലാ കാലത്തും നടത്തുന്ന ആളാണ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോള്‍ ഇല്ല ആ ഉത്തരവാദിത്വം താന്‍ നിറവേറ്റും. മുസ്ലിംലീഗിനോട് ഏറെ നന്ദിയുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യൂത്ത് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ ്പി.വി അഹമ്മദ് സാജു, യു.ഡി.എഫ് മണ്ഡലം നേതാക്കളായ സി.എച്ച് ഇഖ്ബാല്‍ മുണ്ടേരി, എന്‍.എ കരീം, സി.എച്ച് അബ്ദുല്‍ കരീം, കൊമ്പന്‍ ശംസുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *