പ്രഭാതചിന്ത
എഎം യാസര്‍
ഒരു രാഷ്ട്രത്തിന്റെ മാനവികതയുടെ അളവുകോല്‍ അതിന്റെ ആരോഗ്യ സംവിധാനമാണ്. പക്ഷേ, നമ്മുടെ ഇന്ത്യയില്‍ ആരോഗ്യസംവിധാനം ഇന്ന് ലാഭം കൊയ്യാനുളള വമ്പിച്ച വ്യവസായമായി മാറിയിരിക്കുന്നു.
രാജ്യത്തെ ആശുപത്രികളില്‍ മൂന്നില്‍ രണ്ടും സ്വകാര്യ മേഖലയിലാണ്. ഇവര്‍ക്കാണ് കൂടുതല്‍ ബെഡുകളും വെന്റിലേറ്ററുകളും ഉളളത്. പക്ഷേ, ഇതൊന്നും സാധാരണ ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു ഉറപ്പ് നല്‍കുന്നില്ല. പകരം, ആവശ്യം വരുമ്പോള്‍ രോഗികളെ നിരാകരിക്കുകയും, അനിയന്ത്രിതമായ നിരക്കുകള്‍ ഈടാക്കുകയും, പ്രതിസന്ധികളില്‍ പിന്വലിയുകയുമാണ്് ചെയ്യുന്നത്.
കോവിഡ് മഹാമാരിക്കാലത്ത്, സ്വകാര്യ ആശുപത്രികള്‍ പിപിഇ കിറ്റുകള്‍ മുതല്‍ ആംബുലന്‍സ് സര്വീസുകള്ക്കുവരെ വലിയ അളവില്‍ വില കൂട്ടി. ഐസിയു കിടക്കകള്‍ പോലും കുറച്ചുനല്‍കാനുള്ള ശ്രമങ്ങളില്‍ വലിയ വെല്ലുവിളികള്‍ നേരിട്ടു.
ആയുശ്മാന്‍ ഭാരത് പോലുള്ള പൊതു ഇന്‍ഷുറന്‍സ് പദ്ധതികള്‍ സ്വകാര്യ ആശുപത്രികള്‍ക്കായി വാതിലുകള്‍ തുറക്കുമ്പോള്‍ പൊതുഖജനാവില്‍ നിന്നുളള പണം പോലും ഈ കൊളളക്കാര്‍ക്ക് ലഭിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം.
അതിനാല്‍ തന്നെ, സാധാരണ ജനങ്ങള്‍ കടം വാങ്ങിയും ഭൂമി വിറ്റും ചികിത്സയ്ക്കായി പണമടയ്ക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ പൊതു ആശുപത്രികള്‍ നിസ്സാരമായി അവഗണിക്കപ്പെടുന്നു. ആരോഗ്യസംരക്ഷണം വില കണക്കാക്കി വാങ്ങേണ്ടിവരുന്ന ദുരവസ്ഥയായിരിക്കുന്നു.
ആരോഗ്യസംരക്ഷണം ഒരവകാശമാണ് അത് വില്പ്പനചരക്കല്ലന്ന് ഒരു ചിന്താവിഷയമാക്കേണ്ടതാണ്. ഇത്ര വേഗത്തില്‍ ആരോഗ്യരംഗം
സ്വകാര്യവല്ക്കരിക്കുമ്പോള് പൊതുജനാരോഗ്യം വലിയ വിപത്താണ് നേരിടുന്നത്.
ഇന്ത്യയുടെ ആരോഗ്യവ്യവസ്ഥ വീണ്ടും ശരിയായ വഴിയിലേക്ക് തിരിയണമെങ്കില്‍ അതിനെ പൊതുസംവിധാനത്തിലേക്ക് കൊണ്ടുവരാനുളള നീക്കമാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
നമുക്ക് ഉച്ചത്തില്‍ ചോദിക്കാം:
ലാഭമല്ല, ജീവിതമാണ് പ്രധാനമെന്ന് തിരിച്ചറിയുന്ന ആരോഗ്യസംരക്ഷണ സംവിധാനം നമ്മുടെ നാട്ടില്‍ എപ്പോഴാകും സാധ്യമാകുക?
