ജൂലായ് എട്ടിന് സ്വകാര്യ ബസ്സ് പണിമുടക്ക്

മലപ്പുറം: ബസുടമ സംയുക്ത സമിതി പ്രഖ്യാപിച്ച സമരത്തിനു ഐക്യദര്‍ഢ്യം പ്രഖ്യാപിച്ച് എട്ടാം തീയതി ജില്ലയിലെ മുഴുവന്‍ ബസ് സര്‍വീസും നിര്‍ത്തിവെക്കുമെന്നും 22 മുതല്‍ അനിശ്ചിതകാല ബസ് സമരത്തില്‍ പങ്കാളികളാവുമെന്നും ജില്ലാ ബസുടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘകാലമായി സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീര്‍ഘദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സഷന്‍ ലഭ്യമാക്കുകയും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുകയും ചെയ്യുക, ബസ് തൊഴിലാളികള്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക,ഇ ചലാന്‍ വഴി അമിത പിഴ ചുമത്തുന്നത് അവ സാനിപ്പിക്കുക,വില പിടിപ്പുള്ള എലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി അടക്കമുള്ള മുഴുവന്‍ മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കുകയും നിരാഹാരസമരം,ധര്‍ണ, പ്രതിഷേധമാര്‍ച്ച്,പ്രതിഷേധ സംഗമം മുതലായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.എന്നിട്ടും സര്‍ക്കാര്‍ അനങ്ങാപാറ സമീപനം തുടരുന്ന സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവുന്നത്. പതിനഞ്ചു വര്‍ഷം മുമ്പ് 34000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 8000 ത്തില്‍ താഴെ ആയി ചുരുങ്ങിയിരിക്കുകയാണ്. ഗതാഗത വകുപ്പിന്റെ അശാസ്ത്രീയമായ ഗതാഗത നയം കാരണമാണിത്. സര്‍ക്കാറിനു മുമ്പില്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കി ബസുടമകളെയും ബസ് ജീവനക്കാരെയും സമരത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള നടപടി ഉണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സമിതി ചെയര്‍മാന്‍ ഹംസ ഏരിക്കുന്നന്‍, ഭാരവാഹികളായ പി.കെ മൂസ, എം.സി കുഞ്ഞിപ്പ, പക്കിസ കുഞ്ഞിപ്പ, പാസ് മാനു എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *