മലപ്പുറം: പ്രസ്ഥാനവുമായി ബന്ധം അവസാനിപ്പിച്ചതിന് സഹോദരിമാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച് കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊരൂര് വിഭാഗം ത്വരീഖത്ത് നേതൃത്വം. കിഴിശ്ശേരി സ്വദേശികളായ കല്ലന് വീട്ടില്‍ ലുബ്ന, ഷിബ്ല, എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാകുന്നതായി കാണിച്ച് ഇരുവരും ലുബ്നയുടെ ഭര്‍ത്താവ് വയനാട് സ്വദേശി റിയാസും മലപ്പുറം, വയനാട് ജില്ലാ പൊലിസ് മേധാവിമാര്‍ക്കും കൊണ്ടോട്ടി ഡി.വൈ.എസ്.പിക്കും പരാതി നല്കി. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ട്. കൊടുവള്ളി കിഴക്കോത്ത് പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദ് എന്നയാള്‍ നേതൃത്വം നല്കുന്ന കൊരൂര് ത്വരീഖത്ത് എന്ന പ്രസ്ഥാനത്തില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇവര്‍ പറയുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് റിയാസും ഭാര്യ ലുബ്നയും പ്രസ്ഥാനവുമായി ബന്ധം പിരിഞ്ഞത്. മൂന്ന് ആഴ്ച മുന്‍പ് ഷിബ് ലയും പ്രസ്ഥാന ബന്ധം അവസാനിപ്പിച്ചു. ഇതോടെ ഗുരുതരമായ സാമൂഹ്യ, മാനസിക പീഡനവും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരികയാണെന്ന് ഇവര്‍ പറഞ്ഞു.

മാതാപിതാക്കള്‍ കൂടെ താമസിക്കാനുളള അവകാശം തന്നെങ്കിലും സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവര്‍ക്ക് അനുവദിക്കാനാകുന്നില്ല. പ്രസ്ഥാനത്തിന്റെ ഭീഷണിയെ ഭയന്ന് ഭര്‍ത്താവിന്റെ വീട്ടിലും പ്രവേശനം അനുവദിക്കുന്നില്ല. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി ചൊവ്വാഴ്ച രാത്രി ഭാര്യക്കും അവളുടെ സഹോദരിക്കും കൂടെ താന്‍ അവളുടെ കിഴിശ്ശേരിയില്‍ എത്തിയെങ്കിലും സംഘടനയുടെ നേതൃത്വത്തില്‍ നൂറിലധികം ആളുകള്‍ സംഘടിച്ചെത്തി തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചെന്നും പൊലിസ് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും റിയാസ് പറഞ്ഞു. സമുദായം മുഴുവനും തങ്ങളെ ഒറ്റപ്പെടുത്തി. നാട്ടിലേക്ക് പോയി സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതുവരെ ഇതുമൂലം നടക്കാതായി. 2022 ഒക്ടോബറില്‍ റിയാസിന്റെ പിതാവ് മരിച്ചിരുന്നു. വിദേശത്തായിരുന്ന റിയാസ് വയനാട്ടിലെ വീട്ടില്‍ എത്തിയെങ്കിലും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനും വീട്ടിലും പ്രവേശിക്കാനും സംഘടന അനുവദിച്ചില്ല. മാതാവിനെ പോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. ഒറ്റപ്പെടുത്തിയതിനാല്‍ കിഴിശ്ശേരിയിലേയും വയനാട്ടിലെയും വീട്ടില്‍ പോകാതെ കുടുംബവുമായി കോയമ്പത്തൂരില്‍ കഴിയുകയാണെന്ന് റിയാസ് പറഞ്ഞു. തന്റെ മാതാവ് ഞങ്ങളുമായി രഹസ്യമായി ബന്ധം തുടരുന്നുണ്ടായിരുന്നു. എന്നാല്‍ സംഘടനയുടെ നേതാക്കള്‍ ഇത് തിരിച്ചറിഞ്ഞു, അവരെ മതത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് അവര്‍ മാപ്പുപറഞ്ഞ് മതത്തില്‍ തിരികെ ചേരുകയായിരുന്നെന്നും റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
