സ്വര്‍ണവില ഇന്നും കുറഞ്ഞു; ഇന്ന് കുറഞ്ഞത് പവന് ₹ 440

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നലെ 320 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 440 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. വിപണിയില്‍ ആശങ്കകള്‍ ഒഴിയുന്നതാണ് ഇതിന് കാരണം. നിക്ഷേപ സൗഹൃദമായ അന്തരീക്ഷം വന്നാല്‍ സ്വര്‍ണവില കുറയും.

രാജ്യാന്തര തലത്തില്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 3317 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ 3375 വരെ ഉയര്‍ന്നിരുന്നു. ഇതാണ് സ്വര്‍ണവില കേരളത്തില്‍ കുറയാന്‍ ഒരു കാരണം. ഡോളര്‍, രൂപ എന്നിവയുടെ മൂല്യം കൂടിയതും സ്വര്‍ണവില കുറയാന്‍ കാരണമായി. ഡോളര്‍ സൂചിക 98.34 ആയിട്ടുണ്ട്. രൂപ 87.10 എന്ന നിരക്കിലുമായി.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 73440 രൂപയായി. 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയായി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3780 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 122 രൂപയില്‍ തുടരുകയാണ്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 75760 രൂപയായിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73200 രൂപയാണ്. ഇന്നത്തെ വിലയില്‍ നിന്ന് 240 രൂപ കൂടി കുറഞ്ഞാല്‍ ഈ മാസത്തെ താഴ്ന്ന നിരക്കില്‍ എത്തും. വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. പിന്നീട് ഇനിയും വില കുറയുകയാണെങ്കില്‍ ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *