ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടു വരുന്ന പുതിയ ബില്‍ ഈ മേഖലയിലെ നിരവധി കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കും. അതേസമയം, സാമ്പത്തിക ഇടപാടുകള്‍ മൂലം കുടുംബങ്ങളെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തന്നെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോല്സാഹിപ്പിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍-2025 ഇന്നാണ് ലോക്സഭ പാസാക്കിയത്. ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ശക്തമാക്കുകയാണ്.
ബുദ്ധി ഉപയോഗിച്ചോ ഭാഗ്യം പരീക്ഷിച്ചോ, പണം നല്‍കിയോ നിക്ഷേപിച്ചോ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് നടത്തുന്നതാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്ന് ബില്ലില്‍ പറയുന്നു. അഡിക്ഷന് സ്വഭാവമുള്ള ഇത്തരം ഗെയിമുകള്‍ ഉപയോക്താക്കളുടെ മാനസിക നില തര്‍ക്കുന്നതാണ്. കുട്ടികള്‍, കൗമാര പ്രായക്കാര്‍, യുവാക്കള്‍ എന്നിവരില്‍ ഉല്‍ക്കണ്ഠ, വിഷാദ രോഗം, ഉറക്ക കുറവ്, പെരുമാറ്റ വൈകൃതം എന്നിവ പ്രകടമാണെന്ന് ക്ലിനിക്കല്‍ തെളിവുകളുള്ളതായി നിയമത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന കള്ളപ്പണ ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ മറയാക്കുന്നെന്നും സര്‍ക്കാര്‍ വിമര്‍ശിക്കുന്നു. അതേസമയം, സ്പോര്‍ട്സ്, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട, പണമിടപാട് നടക്കാത്ത ഗെയിമുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല.
ബില്‍ പാസായാല്‍ ഇന്ത്യയില്‍ പണമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. നിയമലംഘനത്തിന് മൂന്നു വര്‍ഷത്തെ തടവും ഒരു കോടി രൂപയുമാണ് പിഴ. ഇത്തരം ഗെയിമുകള്‍ക്ക് പരസ്യം നല്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവും 50 ലക്ഷം രൂപ പിഴയമുണ്ടാകും.
ഇന്ത്യന്‍ ഓണ്‍ലൈന്‍ ഗെയിം വ്യവസായം 380 കോടി ഡോളര്‍ (32,300 കോടി രൂപ) മൂല്യമുള്ളതാണ്. 2029 ആകുമ്പോഴേക്കും 920 കോടി ഡോളറായി വളരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏതാണ്ട് 1.3 ലക്ഷം പേര് ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. കടുത്ത നിയന്ത്രണം വരുന്നതോടെ 300 കമ്പനികളെങ്കിലും പൂട്ടേണ്ടി വരുമെന്നാണ് സംരംഭകര്‍ പറയുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. അതോടൊപ്പം, ഇന്ത്യയിലെ പ്രമുഖ സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍ക്കുള്ള സ്പോണ്സര്മാരെയും നഷ്ടപ്പെടുമെന്നും സ്പോര്‍ട്സ് മേഖലയിലെ പരസ്യ വരുമാനത്തില്‍ 40 ശതമാനം വരെ ഇടിവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബില്ലിനെതിരെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.
