മലപ്പുറം: അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ കരുതലേകുകയാണ് ആരോഗ്യ വകുപ്പിന്റെ മിസ്റ്റ് (മൊബൈൽ ഇമ്മിഗ്രന്റ്സ് സ്ക്രീനിംഗ് )പദ്ധതിയിലൂടെ. മിസ്റ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരു മൊബൈൽ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ അതിഥി തൊഴിലാളികൾ താസമിക്കുന്ന സ്ഥലങ്ങളിൽ ഈ ടീം സന്ദർശനം നടത്തി സമഗ്രമായ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നു. അതിഥി തൊഴിലാളികൾക്ക് ഇടയിലെ മന്ത് ,മലമ്പനി, കുഷ്ഠം തുടങ്ങിയ രോഗങ്ങൾ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കുന്നു.രോഗലക്ഷണങ്ങൾ ഉള്ളവരുടെയും പുതുതായി കേരളത്തിലേക്ക് വന്നവരേയും റാപിഡ് ഡയഗ്നോസ്റ്റിക് കിറ്റ് ഉപയോഗിച്ച് മലേറിയയുടെ സാന്നിധ്യം പരിശോധിക്കുന്നു. ത്വക്ക് രോഗങ്ങളിൽ കുഷ്ഠ രോഗം സംശയിക്കുന്നവരെ റെഫർ ചെയ്യുന്നു .ശേഖരിച്ച രക്ത സാമ്പിളുകളിൽ മൈക്രോഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയാൽ അതാത് ആരോഗ്യ കേന്ദ്രങ്ങൾ മുഖേന രോഗികൾക്ക് മരുന്ന് ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നു .ഈ ക്യാമ്പിലൂടെ രോഗങ്ങൾ നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും രോഗ വ്യാപനം തടയാനും സാധിക്കുന്നു
ഒരു മെഡിക്കൽ ഓഫീസർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,ഒരു ലാബ് ടെക്നീഷൻ എന്നിവർ അടങ്ങുന്നതാണ് ടീം അംഗങ്ങൾ .മെഡിക്കൽ ക്യാമ്പുകളിലൂടെ അതിഥി തൊഴിലാളികൾക്കിടയിൽ ഇത്തരം രോഗങ്ങളെ കുറിച്ച് വ്യക്തമായ ബോധവത്ക്കരണം നടത്തുന്നതിനും സംശയ നിവാരണങ്ങൾക്കും ഇതുവഴി സാധിക്കുന്നു.
