ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂൺ, ഷെജയ്യ പട്ടണങ്ങളിൽ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകർത്തു. ജബാലിയ പട്ടണത്തിലും രാത്രി മുഴുവനും ബോംബിങ് തുടർന്നു. ഈ മേഖലകൾ വളഞ്ഞ ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവയ്‌പുണ്ടായി. ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു.
അതേസമയം, ഗാസയിൽ പട്ടിണിമൂലം ഒരു കുട്ടി ഉൾപ്പെടെ 8 പേർ കൂടി മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി. ഗാസ സിറ്റിയിൽനിന്ന് ആയിരക്കണക്കിനാളുകൾ കഴിഞ്ഞദിവസങ്ങളിൽ ഒഴിഞ്ഞുപോയെങ്കിലും ഭൂരിപക്ഷംപേരും നഗരത്തിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
