ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സംസ്ഥാനതല ക്വിസ് മത്സരം സെപ്റ്റംബര്‍ 13ന്

മലപ്പുറം: ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സംസ്ഥാനതല ക്വിസ് മത്സരം സെപ്റ്റംബര്‍ 13ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രെയിന്‍ബോ എന്ന പേരില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് പ്രോഗ്രാം ജി .എസ് പ്രദീപ് നയിക്കും. മത്സരത്തില്‍ ഒന്നും , രണ്ടും, മൂന്നും സ്ഥാനം നേടുന്ന വര്‍ക്ക് യഥാക്രമം 33333രൂപ, 22222 രൂപ, 11111 രൂപപ്രൈസ് മണി നല്‍കും.

അക്ഷരപ്പെയ്ത്തിന്‍ അമ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷം നീളുന്ന വ്യത്യസ്ത പരിപാടികളോടെയാണ് സ്‌കൂളിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി അമ്പതാണ്ട് അമ്പതിനം കൃഷി എന്ന പേരില്‍ വ്യത്യസ്തമായ കൃഷികള്‍ ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബര്‍ നാലിന് മയക്കുമരുന്ന് ലഹരിക്കെതിരെ ദേശീയ ഹാഫ് മാരത്തണ്‍ നടക്കും. 11ന് വിദ്യാലയത്തിലെ മുഴുവന്‍ പൂര്‍വ്വ അധ്യാപകരും കുടുംബാംഗങ്ങളും സംഗമിക്കുന്ന പൂര്‍വ്വ അധ്യാപക കുടുംബ സംഗമം നടക്കും. നവംബര്‍ 7 8 9 തീയതികളില്‍ നടക്കുന്ന ചേലേമ്പ്ര ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ (സി. എല്‍.എഫ്) സാഹിത്യസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ബുക്ക് ഫെസ്റ്റ്, ഭക്ഷ്യമേള , തൊഴില്‍ മേള, റോബോട്ടിക് മേള,അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവയും സി.എല്‍.എഫിന്റെ ഭാഗമായി ഉണ്ടാവും. ഡിസംബറില്‍ സംസ്ഥാനതല ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കും. 2026 ജനുവരി 10 ന് വിദ്യാലയത്തിലെ അമ്പതുവര്‍ഷം മുമ്പ് മുതലുള്ള അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ഥികളും സംഗമിക്കുന്ന പൂര്‍വ്വ അധ്യാപക വിദ്യാര്‍ഥി സംഗമം നടക്കും. ജനുവരി 11 ന് ആഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ സിനിമ സാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും കലാ അവതരണങ്ങളും, മെഗാ ഷോയും അരങ്ങേറും.വാര്‍ത്താസമ്മേളനത്തില്‍ കെ.സിജു, നവാസ് നീലാട്ട്, കെ. വി. ഷാജി, കെ.ആര്‍ ശ്രീഹരി, വി അനില്‍കുമാര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *