കടമെടുപ്പും നികുതി വിഹിതവും കുറച്ച് കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കൈവയ്ക്കുന്ന നിലയിലേക്ക് നീങ്ങുകയാണ് കേന്ദ്രം.ജി.എസ്.ടി വന്നപ്പോള്‍ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020ല്‍ 28ശതമാനമാക്കി. ഇതോടെ ടിക്കറ്റ് വില 30രൂപയില്‍ നിന്ന് 40ലേക്കും പിന്നീട് 50ലേക്കും ഉയർന്നു. ടിക്കറ്റ് വില്പനയെയും അത് ബാധിച്ചു. ഇതിനു പിന്നാലെയാണ് ലോട്ടറിയുടെ ജി.എസ്.ടി 40% ആക്കാനുള്ള നീക്കം.
അതേസമയം, പുതിയ പരിഷ്കാരത്തില്‍ ലോട്ടറിയെ 5 ശതമാനം നികുതി വിഭാഗത്തില്പ്പെടുത്തണനെന്നാണ് കേരളത്തിന്റെ ആവശ്യം.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമായത് കണക്കിലെടുത്താണ് ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാനും പരിഷ്കരിക്കാനും തീരുമാനിച്ചത്. പിന്നാലെയാണ് ചിലതിന് അത്യുഗ്ര ജി.എസ്.ടി ഏർപ്പെടുത്താനും തീരുമാനമുണ്ടായത്. ഈ ഗണത്തിലാണ് ലോട്ടറിയും. നിലവില്‍ 5,12,18,28 എന്നീ നികുതി നിരക്കുകളാണുള്ളത്. പരിഷ്കരിക്കുമ്ബോള്‍ 5ഉം18ഉം മാത്രമാകും. ഇങ്ങനെയുണ്ടാകുന്ന നികുതി നഷ്ടം നികത്താനാണ് 40% നികുതി വിഭാഗം പ്രത്യേകം സൃഷ്ടിക്കുന്നത്. നിലവില്‍ ലോട്ടറി ടിക്കറ്റ് വിലയുടെ 28 ശതമാനമാണ് ജി.എസ്.ടി. ഇത് 40% ആയി വർദ്ധിപ്പിക്കുമ്ബോള്‍ ടിക്കറ്റ് വില ഉയർത്തേണ്ടിവരുമെന്നാണ് ആശങ്ക. ഇത് വില്പനയെ ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരള ലോട്ടറിയെ ഓണ്‍ലൈൻ ഗെയിമിംഗ്,ചൂതാട്ടം തുടങ്ങിയ വിഭാഗത്തില്‍ പെടുത്തിയാണ് കേന്ദ്രസർക്കാർ കാണുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
