തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഹെികോപ്റ്ററിന്റെ വാടക പൊതുഭരണവകുപ്പില്‍ നിന്ന് ഈടാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഈടാക്കിയാല്‍ അത് മുഖ്യമന്ത്രി തെറ്റ് ചെയ്തു എന്ന വ്യാഖ്യാനം ഉണ്ടാക്കുമെന്ന് യോഗം വിലയിരുത്തി.
സര്‍ക്കാര്‍ ആവശ്യത്തിനായാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അതിനാല്‍ പൊതുഭരണ വകുപ്പില്‍ നിന്ന് പണം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ആവശ്യം ഉയര്‍ന്നു. നേരത്തെ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴും ദുരിതാശ്വസ നിധിയില്‍ നിന്നാണ് പണം ചെലവഴിച്ചത്. അതാണ് കീഴ്വഴക്കം. യോഗം വിലയിരുത്തി.
സര്‍ക്കാര്‍ ആവശ്യത്തിനാണ് മുഖ്യമന്ത്രി യാത്ര നടത്തിയത്. പൊതുഭരണവകുപ്പ് പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടി അത് അംഗീകരിക്കുന്നതായി സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യാത്രയില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. പണം ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ മുന്‍ ചീഫ് സെക്രട്ടറിയാണ് തീരുമാനിച്ചത്. നരേന്ദ്ര മോദിയും നിര്‍മലാ സീതാരാമനും കേരളത്തില്‍ വന്നത് ഈ ഫണ്ടില്‍ നിന്ന് തുക എടുത്തിട്ടാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ 35 ശതമാനം കേരളത്തിന്റേതാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം അറിയാം. അതുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിയുടെ യാത്രാചെലവ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും എടുത്തത്. പക്ഷെ അങ്ങനെ വേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനം വന്‍വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ന് സിപിഐഎം സെക്രട്ടറിയേറ്റ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. ഹെലികോപ്റ്ററിന്റെ വാടക പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നായിരുന്നു സൂചന. ഇക്കാര്യം കഴിഞ്ഞ ദിവസം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നല്‍കിയിരുന്നു. എട്ട് ലക്ഷം രൂപ നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടെന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്.
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും എത്തിയ സംഘത്തെ അടിയന്തരമായി കാണാന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. തൃശൂരിലെ സിപിഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് തൃശൂരിലേക്കും നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് ഓഖി ദുരിതാശ്വാസഫണ്ടില്‍ നിന്നും ഈടാക്കാന്‍ റവന്യൂ സെക്രട്ടി ഉത്തരവ് ഇറക്കുകയായിരുന്നു. ഇത് വിവാദമായതോടെ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ചു. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ ഇത് കളവാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. ഉത്തരവിന്റെ രണ്ടാമത്തെ പേജില്‍ പകര്‍പ്പ് ആര്‍ക്കൊക്കെ നല്‍കി എന്നത് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ആ വാദം പൊളിഞ്ഞു.
പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഹെലികോപ്റ്റര്‍ തയ്യാറാക്കിയതെന്ന വാദം തള്ളി ഡിജിപി രംഗത്തെത്തി. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഉത്തരവ് താന്‍ അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതും കാര്യങ്ങള്‍ വഷളാക്കി.
