ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധുക്കള്‍ക്ക് മൃ തദേഹം വിട്ടുനല്‍കിയത്. ചൊവ്വാഴ്ച രാത്രി 9.30 ന് മൃതദേഹം മുംബൈയില്‍ എത്തിക്കും. വൈകുന്നേരം 6.30 ന് ദുബായ് വിമാനത്താവളത്തില്‍നിന്നും മൃതദേഹവും വഹിച്ചുള്ള പ്രത്യേകവിമാനം ഇന്ത്യയിലേക്ക് പുറപ്പെടും.
ബുധനാഴ്ച വൈകുന്നേരം മുംബൈയില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കും. അന്ധേരി സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും.
ശ്രീദേവിയുടേത് അപകടമരണമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പരാതി ലഭിച്ചാല്‍ വീണ്ടും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. യാദൃച്ഛികമായ മുങ്ങിമരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബോധാവസ്ഥയില്‍ ബാത്ത് ടബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് പോലീസിന് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് മൃതദേഹം വിട്ടുനല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്‍കിയത്. ബോണി കപൂറിന് പുറമേ ബന്ധുക്കളെയും ഹോട്ടല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ദുബായിലെ ആഡംബര ഹോട്ടലിനുള്ളിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ കയറിയ ശ്രീദേവിയെ 15 മിനിറ്റിന് ശേഷവും കണാതെ വന്നതോടെ ഭര്‍ത്താവ് ബോണി കപൂര്‍ വാതില്‍ തള്ളിത്തുറന്ന് നോക്കുമ്ബോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
