ഡല്‍ഹി : രാജ്യത്ത് വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാനുള്ള വാക്സീന്‍ നല്‍കണം.
വാക്സീന്‍ ക്ഷാമത്തില്‍ ‘സ്പീക്ക്‌അപ്ഫോര്‍വാക്സീന്‍ഫോര്‍ഓള്‍ ‘എന്ന ക്യാംപെയിനും രാഹുല്‍ ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. ‘കൊവിഡ് വാക്സീന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി ശബ്ദമുയര്‍ത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് 24 മണിക്കൂറിനിടെ 1.68 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 904 മരണങ്ങളും രേഖപ്പെടുത്തി. അതെ സമയം 85 ദിവസങ്ങള്‍ക്കുളളില്‍ 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം പൂര്‍ത്തിയാക്കിയത് .
ജൂലായ് മാസത്തോടെ 25 കോടി ആളുകള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്ര നീക്കം . എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും രാജ്യത്ത് വാക്‌സിന്‍ ലഭ്യമാണ്. ആസ്ട്രസനക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
മഹരാഷ്ട്ര , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് വാക്സിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു . റഷ്യയുടെ സ്പുഡ്‌നിക് 5 വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ഉടന്‍ ലഭിച്ചെക്കും .
