തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തു വന്നതെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് എ.വിജയരാഘവന് സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനം അഴിച്ചു വിട്ടിരിക്കുന്നത്.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായി എന്‍എസ്എസ് കൈകോര്‍ത്തുവെന്നാണ് എ.വിജയരാഘവന് ആരോപിക്കുന്നത്. വിമോചന സമരകാലത്തെ കേന്ദ്ര ഇടപെടലിനു തുല്യമായി കേരളത്തിലെ വികസനം മുടക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കൂട്ടത്തോടെ കേരളത്തിലെത്തി.
സൂക്ഷ്മമായി അപഗ്രഥനം നടത്തുന്നവര്‍ക്ക് 1959ലെ വിമോചന സമരക്കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാന്‍ കഴിയൂ. വര്‍ഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ഊര്‍ജമാകുമെന്നും എ.വിജയരാഘവന് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.
