ലോക്ക്ഡൗണ്‍ ദുരിതം അടിയന്തിര പരിഹാരമുണ്ടാകണം: പി.എം.എ സലാം

മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം സാധാരണജനങ്ങള്‍ തീരാദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും ഈ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും അത്യാവശ്യവും അതുമായി സഹകരിക്കേണ്ടത് ജനങ്ങളുടെ ബാധ്യതയുമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നുമുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു മാനുഷിക മുഖമുണ്ടാവണമെന്നും മറ്റുനിവര്‍ത്തികളില്ലാതെ പുറത്തിറങ്ങേണ്ടി വരുന്നവരോട് പൊലീസ് കുറ്റവാളികളോടെന്ന പോലെയാണ് പെരുമാറുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാലും ദിവസവേതനക്കാര്‍ക്ക് തൊഴിലില്ലാത്തതിനാലും കുടുംബംതന്നെ പട്ടിണിയിലാണ്. കൂടാതെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ തിരിച്ച് പോവാനാവാതെ കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണം. കച്ചവട സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാന്‍ അനുവദിക്കണം. പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് മുന്‍ഗണന നല്‍കണം. കാര്‍ഷിക- മത്സ്യ ബന്ധന- ചെറുകിട കച്ചവട- സ്വയംതൊഴില്‍ സംരംഭക മേഖലകളില്‍ വായ്പ തിരിച്ചടവിന് പലിശയിളവും മൊറട്ടോറിയവും പ്രഖ്യാപിക്കണം. ലോക്ക്ഡൗണ്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാവശ്യമായ സാമ്പത്തിക പാക്കേജുകള്‍ നടപ്പിലാക്കണമെന്നും പി.എം. സലാം ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന് മലപ്പുറം ജില്ലയിലേക്ക് കൂടുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ജില്ലയിലേക്ക് ആവശ്യം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരും ആസ്പത്രികളും വാക്‌സിനുകളുമാണ്. ഇതൊന്നും ഒരുക്കാതെ പൊലീസിനെ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവുമെന്ന് കരുതുന്നത് ശരിയല്ല. സംസ്ഥാനത്തെ ജനങ്ങള്‍ കോവിഡ് മൂലം ഒരു വര്‍ഷത്തിലധികമായി ദുരിതം അനുഭവിക്കുകയാണ്. നിയന്ത്രണങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഇവരോട് ശത്രുക്കളോടെന്ന പോലെ പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടേത് മൗലികാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണെന്നും അഡ്മിനിസ്‌ട്രേറ്ററെ പിന്‍വലിക്കണമെന്നും പിഎം.എ സലാം ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി മുസ്‌ലിം ലീഗ് എം.പിമാര്‍ രാഷ്ട്രപതിക്ക് കത്തെഴുതുകയും, ഇക്കാര്യത്തില്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.എല്‍.എ മാര്‍ മുഖ്യമന്ത്രിയെ കാണുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *