ആക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തി.
സി.പി.എം നേതാക്കളായ ഇ.പി ജയരാജനാണ് ആദ്യം നടിക്കെതിരെ രംഗത്തെത്തിയത്. ആക്രമിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സര്‍ക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.
ആദ്യഘട്ടത്തില്‍ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിന്‍വാങ്ങിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജി ഇന്ന് കേള്‍ക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് ഇ.വി ജയരാജന്‍ രംഗത്തുവന്നിരിക്കുന്നത്. ‘മീഡിയ വണ്‍’ ചാനല്‍ പ്രതിനിധിയോട് സംസാരിക്കവെയാണ് ഇ.പി ജയരാജന്‍ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
നടിയുടെ ഹരജിക്ക് പിന്നില്‍ പ്രത്യേക താല്‍പര്യം ഉണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു ഇ.പി പറഞ്ഞത്. പിന്നാലെ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. വ്യാജ പ്രചാരണങ്ങള്‍ ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിച്ചിരിക്കാം എന്നാണ് കടകംപള്ളി പറഞ്ഞത്.
നടിയുടെ ഹരജിക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. രണ്ട് വോട്ടിന് വേണ്ടി അന്യായ പ്രചാരണം നടത്തുന്നു. പിന്നില്‍ കോണ്‍ഗ്രസ് എന്ന് സംശയമുണ്ട്. മുഖ്യപ്രതിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായാണ് ബന്ധമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
