‘ഞാന്‍ ഹിന്ദുമതം പഠിച്ചിട്ടുണ്ട്, ആളുകളെ തല്ലാനും കൊല്ലാനും ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ല’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ആളുകളെ തള്ളാനും കൊല്ലാനും നടക്കുന്നവര്‍ ഹിന്ദുക്കളല്ലെന്നും, താന്‍ ഹിന്ദുമതത്തെ കുറിച്ച്‌ പഠിച്ചിട്ടുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ആര്‍.എസ്.എസിനെ ഉന്നം വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതില്‍ ഹിന്ദുവായി ഒന്നുമില്ല, യഥാര്‍ത്ഥത്തില്‍ അതില്‍ ദേശീയതയുമില്ല. നിങ്ങള്‍ അവര്‍ക്ക് ഒരു പുതിയ പേര് ആലോചിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ തീര്‍ച്ചയായും ഹിന്ദുവല്ല. ഞാന്‍ ഹിന്ദുമതത്തെ കുറിച്ച്‌ വിശദമായി പഠിച്ചു. ആളുകളെ കൊല്ലാനും ആളുകളെ തല്ലാനും ആഗ്രഹിക്കുന്നതില്‍ ഹിന്ദുവിന് യാതൊരു ബന്ധവുമില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയില്‍, ശബ്ദമുയര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ഇന്ത്യ സംസാരിക്കുമ്ബോള്‍ ഇന്ത്യ ജീവിക്കുന്നു, ഇന്ത്യ നിശബ്ദമാകുമ്ബോള്‍ ഇന്ത്യ മരിക്കുന്നു. രാജ്യത്ത് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നില്ലെന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ചത്. ആളുകളെ ഒഴിവാക്കുന്ന ഇന്ത്യയെക്കുറിച്ച്‌ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് എനിക്ക് പ്രശ്‌നമാണ്. ആരെയാണ് ഒഴിവാക്കുന്നത് എന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷെ, ആരെ ഒഴിവാക്കിയാലും എനിക്ക് പ്രശ്നമാണ്. കാരണം, ഇത് തികച്ചും അന്യായമാണ്. ഒഴിവാക്കപ്പെടുന്നവരില്‍ വലിയ ഊര്‍ജ്ജമുണ്ടെന്ന് ഞാന്‍ കരുതുന്നു. അതല്ല ഇന്ത്യ’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ആര്‍എസ്‌എസുമായും പ്രധാനമന്ത്രിയുമായും ഉള്ള എന്റെ പ്രശ്നം, അവര്‍ ഇന്ത്യയുടെ അടിസ്ഥാന ഘടനയെ കളിയാക്കുന്നു എന്നതാണ്. നിങ്ങള്‍ ധ്രുവീകരണ രാഷ്ട്രീയം കളിക്കുമ്ബോള്‍, നിങ്ങള്‍ 200 ദശലക്ഷം ആളുകളെ ഒറ്റപ്പെടുത്തുകയും പൈശാചികമാക്കുകയും ചെയ്യുകയാണ്. അങ്ങനെ ചെയ്യുന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. ഇന്ത്യ എന്ന ആശയത്തിന് അടിസ്ഥാനപരമായി വിരുദ്ധമായ കാര്യമാണ് അത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *