ഇന്ത്യയിലെ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഫിലിംസ് ഡിവിഷൻ , നാഷണൽ ഫിലിം ആർക്കൈവ്സ് , ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് , ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നീ നാഷണൽ ഫിലിം ഡെവലപ്മെന്റ് സ്ഥാപനങ്ങളെ കോർപ്പറേഷൻ ലയിപ്പിച്ച് ഏകീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ് . നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലാഭം ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് . ഫിലിംസ് ഡിവിഷൻ , നാഷണൽ ഫിലിം ആർക്കൈവ്സ് എന്നിവ ഇന്ത്യൻ സിനിമ പാരമ്പര്യം സൂക്ഷിച്ചു വച്ചിരിക്കുന്ന വലിയ ശേഖരങ്ങളുടെ കേന്ദ്രമാണ് . ഇവയെ ലാഭത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് ഈ അജണ്ടയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത് . ഫിലിംസ് ഡിവിഷന്റെ കയ്യിലുള്ള സ്വാതന്ത്ര്യ ഇന്ത്യയിലെ ഡോക്യുമെന്ററി ദൃശ്യങ്ങൾ വിറ്റ് , വെട്ടിയൊട്ടിച്ചു ഇന്നത്തെ ഭരണക്കാരുടെ താൽപര്യത്തിനു ചേർന്ന ചരിത്രം നിർമ്മിക്കുന്നതാവും ഫലം . അതുപോലെ ഇന്ത്യയുടെ സിനിമാ ചരിത്രത്തിലെ മഹനീയ ചലച്ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫിലിം ആർക്കൈവ്സും ലാഭം ലക്ഷ്യമാക്കി പ്രവർത്തിച്ചാൽ അതിന്റെ ഫലം ഒരു ദുരന്തമായിരിക്കും . ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലും , ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയ്യും സ്വാഭാവികമായ പരിമിതികളോടെ ആണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ സ്ഥാപനങ്ങളാണ് . ആദ്യ കാലത്തെ മികച്ച ചില സിനിമകൾ നിർമിച്ചു എന്നത് ഒഴിച്ചുനിർത്തിയാൽ ഏറ്റവും വിമർശനം നേരിട്ട സ്ഥാപനം NFDC ആണ് . എന്നിട്ടും മറ്റു സ്ഥാപനങ്ങളെ NFDC യിൽ തന്നെ ലയിപ്പിക്കാനുള്ള തീരുമാനം ചർച്ച ചെയ്യപ്പെടേണ്ടതാണ് . ഇന്ത്യൻ സിനിമാ മേഖലയെ ഏകീകരിക്കുവാനും അതിലൂടെ വാണിജ്യവൽക്കരണം നടത്തുവാനും ക്രമേണ കലാ സാംസ്കാരിക മേഖലയെ വർഗ്ഗീയ വൽക്കരണം നടപ്പിലാക്കാനും വേണ്ടി ശ്രമിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എസ്.എഫ്.ഐ 34 -ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു .
