സുല്‍ത്താന്‍ ബത്തേരി: അടുത്ത കാലത്തായി കാട്ടുമൃഗങ്ങളുടെ ശല്യം സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്.
കുരങ്ങ്, കാട്ടുപന്നി, കടുവ എന്നിവയാണ് നഗരസഭ പരിധിയില്‍പെട്ട വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. പരിഹാരനടപടികള്‍ സ്വീകരിക്കാമെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍സമയത്തും കുരങ്ങുകള്‍ എത്തുന്നു. കെട്ടിടങ്ങളുടെ മുകളിലൂടെ സഞ്ചരിക്കുന്ന വാനരന്മാര്‍ കൈയില്‍ ഒതുങ്ങുന്നതെന്തും എടുത്തുകൊണ്ടുപോകും. രാത്രിയാണ് കാട്ടുപന്നികള്‍ എത്തുന്നത്. മാനിക്കുനി മുതല്‍ കോട്ടക്കുന്ന് റോഡ് വരെ കാട്ടുപന്നികള്‍ കൈയടക്കും. രാത്രി വാഹനങ്ങള്‍ ഒഴിയുന്നതോടെയാണ് കാട്ടുപന്നികള്‍ റോഡിലിറങ്ങുന്നത്. കൂട്ടമായും ഒറ്റക്കും എത്തുന്ന കാട്ടുപന്നികള്‍ കാല്‍നടക്കാരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ദൊട്ടപ്പന്‍കുളം, ബീനാച്ചി, കട്ടയാട്, പുതിക്കാട് ഭാഗങ്ങളിലാണ് കടുവ ശല്യമുള്ളത്. കടുവയെ പിടികൂടാന്‍ നടപടിയെടുക്കുമെന്ന അധികൃതരുടെ വാക്കുകളില്‍ നാട്ടുകാര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. വലിയ ജനവാസ മേഖലകളായതിനാല്‍ കടുവയുടെ സാന്നിധ്യം അപകടഭീതി സൃഷ്ടിക്കുകയാണ്. കട്ടയാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാനുകളും കര്‍ഷകര്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുന്നുണ്ട്.
ചെതലയം, കുപ്പാടി വനങ്ങളാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍പെട്ട സ്ഥലങ്ങളില്‍ കാട്ടുമൃഗശല്യം കൂടാന്‍ കാരണം. ചെതലയം കാട്ടില്‍നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബീനാച്ചി എത്താം.
ഈ മേഖലയില്‍ ഇടക്കിടെ കടുവ എത്താന്‍ കാരണം ഇതാണ്. കുപ്പാടി വനത്തില്‍ നിന്നാണ് സുല്‍ത്താന്‍ ബത്തേരി നഗരത്തിലേക്ക് കാട്ടുമൃഗങ്ങള്‍ എത്തുന്നത്.
