വിജയ് ബാബുവിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവില്ല

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാല്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഇപ്പോള്‍ എവിടെയാണെന്ന കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങള്‍ പ്രോസിക്യൂഷനും ഉന്നയിച്ചു. കുറ്റവാളിയെ കൈമാറാന്‍ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള താരം, മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായത്. ഈ മാസം 30 നുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *