പൊലീസ് സ്റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. അന്‍പതു ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പാലോട് സ്വദേശിയായ ഷൈജു പരാതി നല്‍കാനാണ് ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയ്ക്കെതിരേയുള്ള പരാതി ആണെന്നാണ് സ്റ്റേഷനില്‍ പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ ഷൈജു ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ഇന്ന് 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 25ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പുത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ ഭാര്യ കുടുംബവീട്ടില്‍ ഉണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഷൈജുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *