എടാ സുരേഷ് ഗോപിയേ; കളിയാക്കിയവരെ സിനിമാ സ്റ്റെെലില്‍ വിരട്ടി സുരേഷ് ഗോപി, മുഖ്യമന്ത്രി ചികില്‍സിച്ചാ മതിയെന്ന് താരം

കൊച്ചി: തൃക്കാക്കരയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ അധിക്ഷേപം. തന്നെ കളിയാക്കിയവരെ സിനിമാ സ്റ്റെെലിലാണ് താരം നേരിട്ടത്.

തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചരണത്തിനായി ശനിയാഴ്‌ച എത്തിയതാണ് സുരേഷ് ഗോപി.

നിരവധി യോഗങ്ങളില്‍ സുരേഷ് ഗോപി പ്രസംഗിച്ചു. ഒരു വേദിയില്‍ താരം പ്രസംഗിക്കവെയാണ് ചിലര്‍ ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ’ എന്ന് ഇവര്‍ വിളിച്ച്‌ കൂവി. ‘പോടാ’ എന്ന് വിളിച്ച്‌ നടന്‍ അവര്‍ക്ക് നേരെ പാഞ്ഞടുത്തു. സിനിമാ സ്റ്റൈലില്‍ എത്തിയ താരത്തെ കണ്ട് ബഹളം വച്ചവര്‍ സ്ഥലം വിട്ടു.

പിന്നാലെ പ്രസംഗം തുടര്‍ന്ന സുരേഷ് ഗോപി ‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ’ എന്ന് ചോദിച്ചു. ‘അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. അത് മുഖ്യമന്ത്രി ചികില്‍സിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. ആര്‍ക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ’ – സുരേഷ് ഗോപി പറഞ്ഞു.

എ.എന്‍ രാധാകൃഷ്ണന്‍ വിജയിച്ചാല്‍ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ ഇന്നാണ് കൊട്ടിക്കലാശം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് എ.എന്‍ രാധാകൃഷ്ണനും പറഞ്ഞിരുന്നു. വിജയം ഉറപ്പാണെന്നും സുരേഷ് ഗോപിയുടെ കൂടെയുള്ള പ്രചരണത്തോടുകൂടി നിയോജക മണ്ഡലം താമരക്കാലത്തേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *