മുംബൈ: പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ജില്ലാ ഭരണകൂടത്തിങ്ങള്ക്ക് അയച്ച കത്തിലാണ് അറിയിപ്പ്. കോവിഡ് നിരക്കുകള്‍ വര്‍ധിക്കുന്നതില്‍ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തു. കൂടാതെ കോവിഡ് പരിശോധന എല്ലാ ജില്ലകളിലും വര്‍ധിപ്പിക്കണമെന്നും വാക്സിനേഷന് വേഗത്തിലാക്കാനും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
നേരത്തെ കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളായ ബസ്, ട്രെയിന്‍, ആശുപത്രികള്‍, കോളജുകള്‍, സ്കൂളുകള്‍, സിനിമ തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് ഒഴിവാക്കിയിരുന്നു. ഇത്തവണ ഫൈനല്‍, സെമി ഫൈനല്‍ അല്ലാത്ത മുഴുവന്‍ ഐപില്‍ മത്സരങ്ങളും മഹാരാഷ്ട്രയിലായിരുന്നു നടന്നിരുന്നത്.
മൂന്ന് മാസങ്ങളായി കേസുകള്‍ കുറഞ്ഞു വന്നിരുന്ന മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നിന് പ്രതിദിന കേസുകള്‍ 1,000 കടന്നിരുന്നു. വെള്ളിയാഴ്ച 1,134 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
