ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം; പോപ്പുലര്‍ഫ്രണ്ട് നേതാവ് കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഒരു പോപ്പുലര്‍ഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസര്‍ ആണ് കസ്റ്റഡിയില്‍ ആയത്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കാഞ്ഞിരമറ്റത്തെത്ത ഇയാളെ കസ്റ്റഡിയിലെടുത്തത്. നാസറിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷമാവും നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.
റാലി സംഘടിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നകാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിക്കാനുള്ള സാഹചര്യവും, ഇയാളുടെ തീവ്രവാദ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികളെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് റാലിയില്‍ പങ്കെടുത്തിട്ടുള്ളത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും ഇവരുടെ മേല്‍വിലാസം ശേഖരിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്ക് പ്രയാസം നേരിടുന്നുണ്ട്. എങ്കിലും പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *