മലപ്പുറം: സംഘടനാ ശാക്തീകരണ ദൗത്യം ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിൽ രൂപപ്പെടുത്തിയ മോണിറ്റിംഗ് ഓഫീസർമാരിലൂടെ ജില്ലയിൽ മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തനം ശാസ്ത്രീയതയിലേക്ക്. 106 മോണിറ്ററിംഗ് ഓഫീസർമാർ കർമ്മ രംഗത്തിറങ്ങി. തിരഞ്ഞെടുക്കപ്പെട്ട മോണിറ്ററിംഗ് ഓഫീസർമാരുടെ ശിൽപ്പശാല മലപ്പുറം റൂബി ലോഞ്ചിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കകുട്ടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് രൂപപ്പെടുത്തിയ ആപ്ലികേഷൻ ലോഞ്ചിങ്ങും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. മോണിറ്ററിങ്ങ് ഓഫീസർമാർക്കുള്ള ഐ ഡി കാർഡ് വിതരണം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു എ ലത്തീഫ് നിർവ്വഹിച്ചു.
ജില്ലാ കമ്മിറ്റിയുടെ പ്രതിനിധിയായി പഞ്ചായത്ത്, മുനിസിപ്പൽ, യൂണിറ്റ് കമ്മിറ്റികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് മോണിറ്ററിങ്ങ് ഓഫിസറുടെ (എം ഒ) ദൗത്യം. കൃത്യമായ ഇടവേളകളിൽ മോണിറ്ററിംഗ് ഓഫീസർമാർ കീഴ്ഘടകങ്ങളിൽ എത്തിച്ചേരും. ഒരു പഞ്ചായത്തിൽ ഒരാൾ എന്ന നിലയിൽ 106 പേരെ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളിൽ റീജണൽ ഓഫീസറുടെയും (ആർ ഒ) ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് ഓഫീസറുടെയും (ഡി ഒ) സേവനം ഉറപ്പുവരുത്തും. ജില്ലയിൽ മുസ്‌ലിം യൂത്ത്ലീഗിനെ കേഡർ സ്വഭാവത്തിലെത്തിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളുടെ ആദ്യപടിയാണിത്. യുണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നർദ്ദേശങ്ങൾ കൈമാറുന്നതിനുമായിട്ടാണ് ആപ്ലികേഷൻ രൂപപ്പെടുത്തിയത്. യൂണിറ്റ് ഭാരവാഹികളുടെയും കമ്മറ്റികളുടെയും പെർഫോമൻസ് ആപ്ലിക്കേഷന്റെ സഹായത്തോടെ നിരീക്ഷിച്ച് ഭാരവാഹികൾക്കും കമ്മിറ്റികൾക്കും ഗ്രേഡിങ്ങ് സിസ്‌റ്റം കൊണ്ടുവരും. ഇവ വിലയിരുത്തി സംഘടനാ തലത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. എം എസ് എഫ് സംസ്ഥാന വിംഗ് കൺവീനർ ഫവാസ് പനയത്തിലാണ് ആപ്പ്ളികേഷൻ രൂപകൽപന ചെയ്തത്. പാർട്ടി യോഗങ്ങൾക്ക് ഏകീകൃത സ്വഭാവവും ഇതോടെ കൈവരും. എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച ജില്ലാ പ്രവർത്തകസമിതി യോഗവും ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ഡലം പ്രവർത്തകസമിതിയും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് കമ്മിറ്റിയും വ്യാഴം വെള്ളി ദിവസങ്ങളിൽ യൂണിറ്റ് കമ്മിറ്റികളും യോഗം ചേരും. ജില്ലാ കമ്മിയിൽ നടന്ന പ്രധാന ചർച്ചകളും പ്രമേയങ്ങളും താഴെ തട്ടിൽ വരെ ചർച്ച ചെയ്യപ്പെടുകയും സംഘടനയെ വ്യവസ്ഥാപിത രൂപത്തിൽ കൊണ്ടുവരികയുമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. തുടർന്ന് ആറ് മാസം നീണ്ട് നിന്ന ചിറക് സംഘടനാ ശാക്തീകരണ കാമ്പയിനിലൂടെ രൂപപ്പെടുത്തിയ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക അജണ്ടകളടങ്ങിയ പദ്ധതികൾ ഓരോന്ന് സമയബന്ധിതമായി നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ മുസ്‌ലിം യൂത്ത്ലീഗിന് ജില്ലയിൽ പുതിയ മുഖം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം, മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ ജനറൽസെക്രട്ടറി മുസ്തഫ അബ്ദുൽലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, ഭാരവാഹികളായ എൻ കെ ഹഫ്സൽ റഹ്മാൻ, മുനീർ കുരിക്കൾ, ശരീഫ് വടക്കയിൽ, നിസാജ് എടപ്പറ്റ, ഐ പി ജലിൽ, കെ എം അലി, ശിഹാബ് പുറങ്ങ്, സി എച്ച് അബ്ദുൽ കരീം, ടി പി ഹാരിസ്,യൂസുഫ് വല്ലാഞ്ചിറ, ടി വി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. ഫവാസ് പനയത്തിൽ ആപ്ലിക്കേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
