ഒ.ഐ.സിയുടെ പ്രസ്താവന തള്ളി ഇന്ത്യ; സങ്കുചിത മനോഭാവമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: പ്രവാചക നിന്ദ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍) പ്രസ്താവന തള്ളി കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഒ.ഐ.സി സെക്രട്ടേറിയറ്റിന് എതിരെ രംഗത്ത് വന്നത്. ഒ.ഐ.സിയുടേത് ഇടുങ്ങിയ ചിന്താഗതിയെന്നാണ് ഇന്ത്യയുടെ വിമര്‍ശനം. ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്. ഇത് ഇന്ത്യ പറഞ്ഞ കാര്യമല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് പറഞ്ഞ കാര്യമാണെന്നും അതിന് ആ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും സംരക്ഷിക്കണമെന്നും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒരു പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഇന്ത്യ വിമര്‍ശിച്ചത്. ഒ.ഐ.സിക്ക് ഇടുങ്ങിയ ചിന്താഗതിയാണ്, വിമര്‍ശനം അനുചിതമാണ്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുമെന്ന തരത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ സെക്രട്ടേറിയറ്റിന് എതിരെ ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്നല്ല മറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണെന്നും അതില്‍ ആ പാര്‍ട്ടി നടപടിയെടുത്തു എന്നുമുള്ള ഇന്ത്യയുടെ വിശദീകരണം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ ഇതിന് ശേഷം അത് ഒരു കൂട്ടായ്മയുടെ ചര്‍ച്ചയായി മാറിയപ്പോഴാണ് ഇന്ത്യ വിമര്‍ശനവുമായി രംഗത്ത് വന്നത്.
എന്നാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. ഇന്ത്യയുടെ കയറ്റുമതിയില്‍ നല്ലൊരു പങ്കും ഗള്‍ഫ് മേഖലയിലേക്കാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായിട്ട് പരസ്യമായ ഒരു വാക്കേറ്റത്തിനോ തര്‍ക്കത്തിനോ ഇന്ത്യ തയ്യാറെടുക്കില്ല. അനുയോജ്യമായ നിലപാട് മാത്രമായരിക്കും ഇന്ത്യ ഈ വിഷയത്തില്‍ സ്വീകരിക്കുക. എന്നാല്‍ ഒഐസി രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ചില പ്രസ്താവനകള്‍ക്ക് മാത്രമാണ് ഇന്ത്യ മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *